എസ്എഫ്ഐഒക്കെതിരെ നിയമോപദേശം; നിഷേധിച്ച് കെഎസ്ഐഡിസി
Mail This Article
തിരുവനന്തപുരം∙ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുന്നതിനു മുന്നോടിയായി സുപ്രീംകോടതി അഭിഭാഷകന്റെ നിയമോപദേശം തേടിയിട്ടില്ലെന്ന് കെഎസ്ഐഡിസി. ജനുവരി 22നു ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ വഴി അഡ്വ. സി.എസ്.വൈദ്യനാഥനോടു കെഎസ്ഐഡിസി എംഡി നിയമോപദേശം തേടിയെന്നിരിക്കെയാണ് ഇക്കാര്യം നിഷേധിച്ചത്.
ലഭിച്ച നിയമോപദേശത്തിന്റെ പകർപ്പ് വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടപ്പോഴാണ്, നിയമോപദേശം തേടിയിട്ടില്ലെന്നു കെഎസ്ഐഡിസി നിലപാടെടുത്തത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ കെഎസ്ഐഡിസി നൽകിയ ഹർജിയിൽ വാദിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നതു സി.എസ്.വൈദ്യനാഥനെയാണ്. മുന്നോടിയായി നൽകിയ കത്തിൽ, ഹർജി നൽകാൻ കെഎസ്ഐഡിസി ആലോചിക്കുന്നതിനാൽ ഇക്കാര്യത്തിൽ എംഡിക്കു നിയമോപദേശം നൽകണമെന്ന് ആവശ്യപ്പെടുന്നു.
ഇതിനുശേഷമാണു വൈദ്യനാഥനെ കേസ് ഏൽപിച്ചത്. നിയമോപദേശം പുറത്തുവിടാതിരിക്കാൻ വേണ്ടിയാണോ കെഎസ്ഐഡിസി ഇപ്പോൾ ഇക്കാര്യം നിഷേധിക്കുന്നതെന്നു വ്യക്തമല്ല. ഫെബ്രുവരി 12 വരെ സി.എസ്.വൈദ്യനാഥൻ എത്രതവണ ഹാജരായെന്നും ഇതിനായി എത്ര രൂപ ഫീസ് ആവശ്യപ്പെട്ടെന്നുമുള്ള ചോദ്യത്തിന്, ‘കേസ് കോടതിയുടെ പരിഗണനയിലാണ്’ എന്ന ഉത്തരമാണു കെഎസ്ഐഡിസി നൽകിയത്.
ആദ്യ തവണ ഹാജരായപ്പോൾ അഭിഭാഷകൻ 25 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ടതു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. പിണറായി സർക്കാരിന്റെ കാലത്ത് ഒരുതവണ മാത്രമേ കെഎസ്ഐഡിസി പുറമേ നിന്നുള്ള അഭിഭാഷകരുടെ സേവനം തേടിയിട്ടുള്ളൂ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ബിഡ്ഡിങ് സംബന്ധിച്ച് നിയമോപദേശവും സേവനവും ലഭിക്കുന്നതിനായിരുന്നു ഇത്. അന്ന് 55.39 ലക്ഷം രൂപ നൽകി.