പ്രചാരണത്തിൽ രണ്ടാഴ്ച പിന്നിട്ട് ഇരുമുന്നണികളും; ഇനിയും 4 സ്ഥാനാർഥികളെ നിർത്താതെ ബിജെപി
Mail This Article
തിരുവനന്തപുരം ∙ ഇരുമുന്നണികളും പ്രചാരണത്തിൽ രണ്ടാഴ്ച പിന്നിടുമ്പോഴും 4 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായില്ല. ഇന്നലെ ന്യൂഡൽഹിയിൽ ചേരാനിരുന്ന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിയും മാറ്റിവച്ചതോടെ ഇനിയും താമസിക്കുമെന്നതാണ് സ്ഥിതി.
അന്തിമ തീരുമാനത്തിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും സംഘടനാ ജനറൽ സെക്രട്ടറി കെ. സുഭാഷിനെയും ന്യൂഡൽഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. സ്ഥാനാർഥി വൈകുന്നത് പ്രവർത്തകർക്ക് നിരാശയുണ്ടാക്കിയെന്ന് നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായം ഉയർന്നു. പ്രധാനമന്ത്രി ന്യൂഡൽഹിയിൽ തിരിച്ചെത്തി കേന്ദ്ര പാർലമെന്ററി ബോർഡ് ചേർന്ന ശേഷമേ പ്രഖ്യാപനമുണ്ടാകൂ എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
സമുദായ സമവാക്യങ്ങളിൽ ധാരണയുണ്ടാക്കാനാണ് സ്ഥാനാർഥി നിർണയം വൈകുന്നതെന്നാണ് സൂചന. വയനാട് മണ്ഡലത്തിൽ എ.പി.അബ്ദുല്ലക്കുട്ടിയുടെയും സന്ദീപ് വാരിയരുടെയും പേരാണ് പരിഗണനയിൽ. കൊല്ലത്ത് നടൻ കൃഷ്ണകുമാറും സന്ദീപ് വാചസ്പതിയും അവസാന പട്ടികയിൽ വന്നു.
എറണാകുളത്ത് മേജർ രവിയും കെ.എസ്.രാധാകൃഷ്ണനുമാണ് പട്ടികയിലുള്ളത്. ആലത്തൂരിൽ രേണു സുരേഷിനെ നിർത്തിയേക്കും. പ്രചാരണത്തിലൂടെ തിരുവനന്തപുരത്തും തൃശൂരും ത്രികോണ മത്സരസാധ്യത തുറന്നെങ്കിലും അടിത്തട്ടിലെ പ്രവർത്തനത്തിനു ശക്തി പോരെന്നു മനസ്സിലാക്കി കൂടുതൽ സംസ്ഥാന നേതാക്കൾക്കു ചുമതല നൽകി.