ADVERTISEMENT

തിരുവനന്തപുരം∙ ഏജന്റിന്റെ ചതിയിൽപ്പെട്ട് റഷ്യ–യുക്രെയ്ൻ യുദ്ധമുഖത്ത് അകപ്പെട്ടവരിൽ അഞ്ചുതെങ്ങിലെ അടുത്ത ബന്ധുക്കളും മത്സ്യത്തൊഴിലാളികളുമായ മൂന്നു യുവാക്കൾ. റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യാൻ നിയോഗിക്കപ്പെട്ട ഇവരിൽ ഒരാൾക്ക് യുക്രെയ്ൻ സൈന്യത്തിന്റെ വെടിവയ്പിലും ബോംബാക്രമണത്തിലും പരുക്കേറ്റു.. മൂവരും സുരക്ഷിതരായി തിരിച്ചെത്തുന്നതു കാത്തിരിക്കുകയാണു കുടുംബങ്ങൾ. അഞ്ചുതെങ്ങ് കുരിശടി മുക്കിനു സമീപം കൊപ്രാക്കൂട് സെബാസ്റ്റ്യന്റെയും നിർമലയുടെയും മകൻ പ്രിൻസി(24)നാണു ചെവിക്കും കാലിനും പരുക്കേറ്റത്.

പ്രിൻസിന്റെ അമ്മയുടെ സഹോദരി കുന്നുംപുറത്ത് പനിയമ്മയുടെയും സിൽവയുടെ മകൻ വിനീത് (22), പ്രിൻസിന്റെ പിതൃസഹോദരി ബിന്ദുവിന്റെയും പരേതനായ പനിയടിമയുടെയും മകൻ ടിനു (25) എന്നിവരാണ് ഒപ്പമുള്ളത്. മനുഷ്യക്കടത്തിൽ സിബിഐ കേസെടുത്ത് അന്വേഷിക്കുകയാണ്. കഴക്കൂട്ടം സ്വദേശി സന്തോഷ് (അലക്സ്) എന്ന ഏജന്റാണു റഷ്യ കേന്ദ്രീകരിച്ചു  റിക്രൂട്മെന്റിനു ചുക്കാൻ പിടിച്ചത്. തുമ്പയിലെ ഏജന്റ് പ്രിയൻ വഴിയാണു മൂവരും ജനുവരി മൂന്നിനു റഷ്യയ്ക്കു പുറപ്പെട്ടത്. സെക്യൂരിറ്റി  ജോലിക്കു രണ്ടു ലക്ഷം രൂപ മാസശമ്പളം ലഭിക്കുമെന്നു വാഗ്ദാനം ചെയ്ത് മൂന്നു പേരിൽനിന്നും ഏഴു ലക്ഷം രൂപ വീതം പ്രിയൻ കൈപ്പറ്റി.

പലിശയ്ക്കെടുത്തും സ്വർണം വിറ്റും കടം വാങ്ങിയുമാണു പണം നൽകിയത്. റഷ്യൻ ഭാഷയിലെഴുതിയ കരാറിൽ ഒപ്പിടുവിച്ച് യുദ്ധമുഖത്ത് നിയോഗിക്കുകയായിരുന്നു. 23 ദിവസത്തെ ആയുധ പരിശീലനം നൽകി. പാസ്പോർട്ടും ഫോണും റഷ്യയിലെ ഏജന്റ് സന്തോഷ് പിടിച്ചു വച്ചതായി മോസ്കോയിൽനിന്നു മറ്റൊരു ഫോണിൽ സംസാരിച്ച പ്രിൻസ് ‘മനോരമ’യോടു പറഞ്ഞു. യുദ്ധമുഖത്തെത്തിയ ആദ്യദിവസം തന്നെ പ്രിൻസിനു പരുക്കേറ്റു. ഒരുമാസത്തിലേറെ ആശുപത്രി വാസത്തിനുശേഷം ഒരു ഹോസ്റ്റലിൽ വിശ്രമത്തിലാണ്. പരുക്കു ഭേദമായാലുടൻ വീണ്ടും യുദ്ധമുഖത്ത് എത്തിക്കുമെന്ന ഭയമുണ്ടെന്നും പ്രിൻസ് പറഞ്ഞു. 

English Summary:

Three young people in russia ukraine war from anchuthengu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com