യുദ്ധത്തിന് റഷ്യയിലേക്ക് മനുഷ്യക്കടത്ത്: പരുക്കുപറ്റിയവരിൽ ഒരു മലയാളി കൂടി
Mail This Article
തിരുവനന്തപുരം ∙ മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്കുപറ്റിയവരിൽ ഒരു മലയാളി കൂടി. ഡ്രോൺ ആക്രമണത്തിൽ പൂവാർ സ്വദേശി ഡേവിഡിന്റെ (23) കാൽ തകർന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നും ഇപ്പോൾ അഭയാർഥി ക്യാംപിലാണ് കഴിയുന്നതെന്നും മോസ്കോയിൽ നിന്ന് ഡേവിഡ് ബന്ധുക്കളെ അറിയിച്ചു.
സെക്യൂരിറ്റി ജോലിക്ക് പോയി ഏജന്റുമാരുടെ ചതിയിൽ പെട്ടതാണ് ഡേവിഡും. റഷ്യൻ കൂലിപ്പട്ടാളക്കാരനായി യുക്രെയ്ൻ അതിർത്തിയിൽ യുദ്ധം ചെയ്യുമ്പോൾ ഡ്രോൺ ആക്രമണത്തിൽ തകർന്ന കാൽ ഭേദമാകുന്നതേയുള്ളൂ. കഴിഞ്ഞ നവംബർ ഒന്നിനാണ് ഡേവിഡ് പോയത്. സൂപ്പർമാർക്കറ്റിൽ സുരക്ഷാ ജീവനക്കാരൻ എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ഏജന്റിനു മൂന്നര ലക്ഷം രൂപ നൽകിയാണ് റഷ്യയിൽ എത്തിയത്. ഏജന്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവർക്ക് അറിയില്ല. അഞ്ചു മാസം മുൻപാണ് പോയത്. പോയശേഷം കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. രണ്ടാഴ്ച മുൻപാണ് യുക്രെയ്നിനെതിരെ യുദ്ധം ചെയ്യാനാണ് എത്തിച്ചതെന്നും കാലിൽ ബോംബ് വീണു ചികിത്സയിൽ ആണെന്നും ഡേവിഡ് അറിയിക്കുന്നതെന്നും മാതാപിതാക്കൾ പറയുന്നു.
പാസ്പോർട്ടും മറ്റ് രേഖകളും പട്ടാള ഉദ്യോഗസ്ഥരുടെ കൈവശമാണ്. കൈയിലുണ്ടായിരുന്ന പണം ചിലർ പിടിച്ചുവാങ്ങിയതായും കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ മാതാവിനെ അറിയിച്ചിരുന്നു. രണ്ടാഴ്ച മുൻപ് ആദ്യം വിളിച്ചപ്പോൾ കാര്യങ്ങൾ ഇത്രയും ഗുരുതരമാണെന്ന് വീട്ടുകാർ കരുതിയില്ല. ദിവസങ്ങൾക്ക് മുൻപ് സിബിഐ സംഘം വീട്ടിൽ എത്തിയപ്പോഴാണ് സ്ഥിതിയെക്കുറിച്ച് ബോധ്യമായത്. മകനെ ഫോണിൽ വിളിച്ചാൽ ചില സമയങ്ങളിൽ ലഭിക്കുന്നുണ്ട്. നാട്ടിൽ എത്തിക്കാൻ സംവിധാനം ഒരുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
യുദ്ധഭൂമിയിൽ കുന്നുകൂടി കിടക്കുന്ന മൃതദേഹങ്ങളും ചിതറിത്തെറിച്ച ശരീരഭാഗങ്ങളും മാത്രമാണ് കാഴ്ചയെന്ന് ഡേവിഡ് ബന്ധുക്കളോട് വിശദീകരിച്ചിരുന്നു. ഡേവിഡ് ഇപ്പോൾ കഴിയുന്നത് ഒരു പള്ളിയിലെ അഭയാർഥി ക്യാംപിലാണ്. അഞ്ചുതെങ്ങ് സ്വദേശികളായ ടിനുവും വിനീതും ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ഇപ്പോഴും യുദ്ധമുഖത്തുണ്ടെന്ന് സംശയിക്കുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന പ്രിൻസ് വെടിയേറ്റ് ചികിത്സയിലാണ്.