വൈക്കം സത്യഗ്രഹം സ്വാതന്ത്ര്യസമരത്തിന് പുതിയ ഭാവം നൽകി: വി.ഡി.സതീശൻ
Mail This Article
വൈക്കം ∙ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വൈക്കം സത്യഗ്രഹം പുതിയ ഭാവം നൽകിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. കെപിസിസി വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹത്തിന്റെ 100-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും നേരിട്ടെത്തി സത്യഗ്രഹത്തിനു നേതൃത്വം നൽകിയത് സമരത്തിൽ പങ്കെടുത്തവരിൽ ആവേശമുണർത്തി. ടി.കെ.മാധവന്റെയും കെ.പി.കേശവമേനോന്റെയും നേതൃത്വത്തിൽ കോൺഗ്രസിന്റെ പിന്തുണയോടെ നടത്തിയ സത്യഗ്രഹ സമരം മായ്ച്ചുകളയാൻ കഴിയാത്ത ഏടായി മാറി. മന്നത്ത് പത്മനാഭൻ നടത്തിയ സവർണജാഥ വലിയ മാറ്റം സൃഷ്ടിച്ചു.
603 ദിവസം നീണ്ട വൈക്കം സത്യഗ്രഹത്തിന്റെ വിജയത്തിനു ശേഷം കോൺഗ്രസിന്റെ സമീപനങ്ങളിൽ മാറ്റമുണ്ടായി. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെയാണ് പിന്നീടുള്ള സമരങ്ങൾ. മഹാത്മാഗാന്ധി അതിനായി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചെന്നും സതീശൻ പറഞ്ഞു. ആഘോഷക്കമ്മിറ്റി ചെയർമാൻ വി.പി.സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.