സുഗന്ധഗിരി വനംകൊള്ള അതീവ ഗുരുതരം; അന്വേഷിക്കാൻ മൂന്നംഗ സമിതി
Mail This Article
കോഴിക്കോട് ∙ വയനാട് സുഗന്ധഗിരി വനഭൂമിയിൽനിന്നു മരങ്ങൾ വെട്ടിക്കടത്തിയത് അന്വേഷിക്കാൻ മൂന്നു ഡിഎഫ്ഒമാർ ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചു. ഫ്ളയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരായ മനു സത്യൻ (എറണാകുളം), അജിത് കെ.രാമൻ (കണ്ണൂർ), എ.പി.ഇംതിയാസ് (കോഴിക്കോട്) എന്നിവർക്കാണ് അന്വേഷണച്ചുമതല. കോട്ടയം ഫ്ളയിങ് സ്ക്വാഡ് ചീഫ് കൺസർവേറ്റർ എം.നീതു ലക്ഷ്മിയുടെ മേൽനോട്ടമുണ്ടാകും.വിജിലൻസ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എൽ.ചന്ദ്രശേഖർ അന്തിമ റിപ്പോർട്ട് നൽകും. മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ തലസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് അടിയന്തര തീരുമാനം.
നിലവിൽ വയനാട് ചെതലയം റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും വയനാടിനു പുറത്തു നിന്നുള്ള സംഘം അന്വേഷിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണു പുതിയ സംഘത്തിന്റെ രൂപീകരണം. സുഗന്ധഗിരിയിൽ വനഭൂമിയിൽനിന്നു തന്നെ മരങ്ങൾ നഷ്ടപ്പെട്ടത് അതീവഗൗരവമുള്ള സംഭവമാണെന്നു യോഗം വിലയിരുത്തി. ഭീഷണി ഉയർത്തുന്ന 20 മരങ്ങൾ മുറിക്കാൻ നൽകിയ പാസിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു എന്നാണ് കണ്ടെത്തൽ. സ്വകാര്യ ഡിപ്പോകൾക്ക് നൽകുന്ന ‘ഫോം–4 വെള്ള പാസുകൾ’ ഉപയോഗിച്ച് അവ ചെക്പോസ്റ്റ് കടത്തുകയും ചെയ്തു. വനം ഉദ്യോഗസ്ഥരിൽ ചിലർതന്നെ ഇതിനു സഹായം ചെയ്തതായാണു വിവരം.
സുഗന്ധഗിരിക്കു പുറമേ ചെതലയം അങ്ങാടിശ്ശേരി, ചേലോട് എസ്റ്റേറ്റ് പരിസരം, ബ്രഹ്മഗിരി–എ, ബ്രഹ്മഗിരി ബി, ആലത്തൂർ, ബാർഗിരി, കൂട്ടമുണ്ട, കൃഷ്ണഗിരി, മുണ്ടുപ്പാറ നൂറേക്കർ തുടങ്ങി വിവിധ ഇടങ്ങളിലെ വനഭൂമികളിൽ നിന്നു മരം മുറിച്ചു കടത്തിയിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിരുന്നു.