‘ആറ്റിങ്ങലിൽ 1.64 ലക്ഷം ഇരട്ടവോട്ടുകൾ’: ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്
Mail This Article
തിരുവനന്തപുരം ∙ ആറ്റിങ്ങൽ മണ്ഡലത്തിൽ 1.64 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നു തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടും വെറും 348 ഇരട്ടവോട്ടുകൾ മാത്രമേയുള്ളൂവെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാട് ദുരൂഹമാണെന്ന് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ആരോപിച്ചു. അന്തിമ വോട്ടർ പട്ടിക കൂടി പ്രസിദ്ധീകരിച്ചശേഷം ആവശ്യമെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി. കൂടുതൽ ഇരട്ടവോട്ടുകളുണ്ടോ എന്നു പരിശോധിക്കാൻ വോട്ടർപട്ടികയുടെ ഡിജിറ്റൽ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) സഞ്ജയ് എം.കൗൾ നൽകിയില്ലെന്നും ആരോപിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1.12 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നു പരാതി നൽകിയതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തിരുന്നു. ഇതുകാരണം ഇരട്ടവോട്ടുകളുടെ പട്ടികയിലെ 58,000 പേർക്കും വോട്ടു ചെയ്യാനായില്ല. ഇത്തവണ 1.72 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്ന് ആദ്യഘട്ടത്തിൽ കണ്ടെത്തി. നീക്കം ചെയ്തതിൽ ഇരട്ടവോട്ടുകൾ 2,773 ആണെന്നും അറിയിച്ചു. എന്നാൽ, 389 ഇരട്ടവോട്ടുകൾ മാത്രമേ ഉള്ളൂവെന്നാണ് സിഇഒ പരസ്യമായി പറഞ്ഞത്.
വോട്ടർമാരുടെ പേര് ഇരട്ടിച്ചിട്ടുണ്ടെങ്കിൽ തെളിവു സഹിതം കൊണ്ടുവന്നാൽ പരിശോധിക്കാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ പറഞ്ഞു. മണ്ഡലത്തിൽ 1.70 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നു കാട്ടി അടൂർ പ്രകാശ് പരാതി തന്നു. നാനൂറോളം ഇരട്ടവോട്ടുകൾ ഒഴിവാക്കി. ഇനിയും ഇരട്ടവോട്ടുകളുണ്ടെങ്കിൽ അതു കൃത്യമായി രേഖപ്പെടുത്തി പരാതിപ്പെട്ടാൽ പരിശോധിക്കാം.