ADVERTISEMENT

കണ്ണൂർ ∙ നാട്ടിൽ തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചിരിക്കെ, പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ (27) കൊല്ലപ്പെട്ടു. കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിൽ 3 സിപിഎം പ്രവർത്തകർക്കു പരുക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരുക്കേറ്റത്. ഇവരിൽ വിനീഷിന്റെ നില അതീവഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അരുണിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ബോംബ് നിർമിച്ചത് ​എന്തിനെന്ന് വ്യക്തമായിട്ടില്ല.

വിനീഷിന്റെ വീടിനു സമീപം ലോട്ടറിത്തൊഴിലാളി തൊണ്ടുപാലൻ മനോഹരന് ലൈഫ് മിഷൻ പദ്ധതിയിൽ പണിയുന്ന വീടിന്റെ ടെറസിലാണു സ്ഫോടനം നടന്നത്. ഈ വീടിന്റെ പരിസരത്തുനിന്നു പ്ലാസ്റ്റിക് കണ്ടെയ്നറുകളിലുള്ള 2 ബോംബുകൾ പൊലീസ് കണ്ടെടുത്തി. 

50 മീറ്റർ മാറിയുള്ള വിനീഷിന്റെ വീട്ടുപരിസരത്തുനിന്ന്, അറ്റുപോയ ഒരു കൈവിരൽ കണ്ടെത്തി. ഈ ഭാഗത്തു ചോരപ്പാടുകളുണ്ട്. പരുക്കേറ്റവരെ വിനീഷിന്റെ വീട്ടിലേക്ക് ആദ്യം കൊണ്ടുപോയിട്ടുണ്ടാകാമെന്നു പൊലീസ് പറഞ്ഞു. വീട് ദുരുപയോഗം ചെയ്തതിനു മനോഹരന്റെ ഭാര്യ രാധ പൊലീസിൽ പരാതി നൽകി. 

ശരീരം ചിതറി

സ്ഫോടനത്തിൽ ഷെറിന്റെ മുഖവും നെഞ്ചും ചിന്നിച്ചിതറിയ നിലയിലായിരുന്നു. കൈപ്പത്തി തകർന്ന് അതീവ ഗുരുതരാവസ്ഥയിലുള്ള വിനീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ടിപ്പർ ഡ്രൈവർ വിനോദ് പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വന്ത് തലശ്ശേരി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്.  പരുക്ക് സാരമുള്ളതല്ല. 

കയ്യൊഴിഞ്ഞ് സിപിഎം

സംഭവവുമായി ബന്ധമില്ലെന്നും ഉൾപ്പെട്ടവർ പാർട്ടിക്കാരല്ലെന്നും സിപിഎം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുല്ല അറിയിച്ചു. സ്ഫോടന വിവരം മറച്ചു വയ്ക്കാനും തെളിവുകൾ നശിപ്പിക്കാനും പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബിജെപി നേതാവ് പി.സത്യപ്രകാശ് എന്നിവർ ആരോപിച്ചു. 

റിപ്പോർട്ട് അവഗണിച്ചു

പാനൂരിൽ നാടൻബോംബ് നിർമിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൊലീസ് അവഗണിച്ചു. ഇന്നലെ, സംഭവത്തിൽ ഉൾപ്പെട്ടവരുടെയും പേരുകൾ സഹിതമാണ് 4 മാസം മുൻപ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. ഒരു മാസം മുൻപു വീണ്ടും നൽകി.

ബോംബ് നി‍ർമാണത്തിനിടെ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ച കുന്നോത്തുപറമ്പ് മുളിയാത്തോട് വീട്ടുപറമ്പിൽനിന്ന് പൊലീസ് കണ്ടെത്തിയ ബോംബ്. പ്ലാസ്റ്റിക് കണ്ടെയ്നർ ഉപയോഗിച്ചാണ് ബോംബ് നിർമിച്ചത്.
ബോംബ് നി‍ർമാണത്തിനിടെ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ച കുന്നോത്തുപറമ്പ് മുളിയാത്തോട് വീട്ടുപറമ്പിൽനിന്ന് പൊലീസ് കണ്ടെത്തിയ ബോംബ്. പ്ലാസ്റ്റിക് കണ്ടെയ്നർ ഉപയോഗിച്ചാണ് ബോംബ് നിർമിച്ചത്.

ഒറ്റയടിക്ക് 125 ബോംബ്

∙ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബോംബുകൾ ഒന്നിച്ചു പിടികൂടിയത് പാനൂർ വടക്കേ പൊയിലൂർ മൈലാടിക്കുന്നിൽ നിന്നാണ്. 2008 നവംബർ 13ന് 125 ബോംബുകളാണ് ഇവിടെനിന്നു കണ്ടെടുത്തത്. കണ്ടെടുത്ത ബോംബുകൾ നിരത്തിവച്ച് കേരള പൊലീസ് എന്നെഴുതിയത് ഏറെ ചർച്ചയായി. 

ബോംബ് പിടിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താനായില്ല. കണ്ണൂർ ഡിസിആർബി ഡിവൈഎസ്പിയാണ് തുടക്കത്തിൽ അന്വേഷിച്ചത്. രണ്ടു മാസത്തെ അന്വേഷണത്തിനു ശേഷം ഫയലുകൾ കൊളവല്ലൂർ പൊലീസിന് കൈമാറി. തുടരന്വേഷണമുണ്ടായില്ല.

ബോംബ് കുഴി’യിൽ വിരിഞ്ഞ പൂവ്

∙‌ ബോംബ് സൂക്ഷിക്കാൻ പാനൂർ പൊലീസ് സ്റ്റേഷനിൽ ബോംബ്കുഴി നിർമിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നു പിടിച്ചെടുക്കുന്ന ബോംബുകൾ താൽക്കാലികമായി സൂക്ഷിക്കാനാണ് സ്റ്റേഷന്റെ പ്രവേശനകവാടത്തിനു സമീപം കുഴിയൊരുക്കിയിരുന്നത്. ബോംബ്കുഴി വാർത്തകളിൽ വരികയും ചെയ്തു. വർഷങ്ങൾക്കു ശേഷം ഈ കുഴി മൂടി  പൂന്തോട്ടമാക്കി.

English Summary:

CPM worker Sherin died in bomb blast in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com