കെ ഫോൺ സൗജന്യ കണക്‌ഷൻ: പാതിവഴിയിൽ കമ്പനി പിൻമാറി
Mail This Article
തിരുവനന്തപുരം ∙ കെ ഫോൺ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമായ സൗജന്യ ബിപിഎൽ കണക്‌ഷൻ നൽകുന്നതിൽ സർക്കാരിനു തിരിച്ചടി. 14000 ബിപിഎൽ വീടുകളിൽ കണക്‌ഷൻ എത്തിക്കാൻ രണ്ടുവർഷം മുൻപു കരാറെടുത്ത കമ്പനി പാതിവഴിയിൽ പിൻമാറി. 7000 കണക്‌ഷൻ നൽകിയെന്നും തദ്ദേശ വകുപ്പു വഴി ലഭ്യമാക്കിയ ഗുണഭോക്തൃപട്ടിക കൃത്യമല്ലാത്തതിനാൽ പിൻമാറുകയാണെന്നും കമ്പനി സർക്കാരിനെ അറിയിച്ചു. എന്നാൽ മാസങ്ങൾക്കു മുൻപുതന്നെ പട്ടികയിലെ തെറ്റു തിരുത്തി നൽകിയെന്നാണു കെ ഫോണിന്റെ വിശദീകരണം.
കണക്‌ഷൻ നൽകാൻ ബാക്കിയുള്ളത് ഏതെല്ലാം വീടുകളിലാണെന്ന വിവരം കെ ഫോണിനു ലഭ്യമല്ല. ഈ വീടുകളുടെ പട്ടിക കൈമാറണമെന്നു കമ്പനിയോടു കെ ഫോൺ ആവശ്യപ്പെട്ടു. വൈകാതെ രണ്ടരലക്ഷം ബിപിഎൽ കുടുംബങ്ങളിൽ കൂടി സൗജന്യ കണക്‌ഷൻ നൽകുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ്, പദ്ധതിയുടെ തുടക്കത്തിൽ പ്രഖ്യാപിച്ച 14000 കണക്‌ഷൻ പോലും പൂർത്തീകരിക്കാനാകാത്തത്.
20 ലക്ഷം ബിപിഎൽ വീടുകളിൽ സൗജന്യ കണക്‌ഷൻ എന്ന വാഗ്ദാനത്തോടെയാണു സർക്കാർ കെ ഫോൺ പദ്ധതി കൊണ്ടുവന്നത്. ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിൽ 100 വീതം 14000 കണക്‌ഷൻ നൽകുമെന്നു രണ്ടാം പിണറായി സർക്കാർ വാഗ്ദാനത്തിൽ ഭേദഗതി വരുത്തി. ഇതിനായി 2022 ഏപ്രിലിൽ കമ്പനിയെ തിരഞ്ഞെടുത്തു. എന്നാൽ കമ്പനിയുമായുള്ള കരാറിനുള്ള അംഗീകാരവും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഗുണഭോക്തൃപട്ടികയും വൈകി.
6800 ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃത്യമല്ലെന്നു കണ്ടെത്തി തിരിച്ചയച്ചു. കൃത്യത വരുത്തി പട്ടിക വീണ്ടും സമർപ്പിച്ചു. ഓരോ തദ്ദേശസ്ഥാപനത്തിലും സംശയനിവാരണത്തിനു ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയും കമ്പനിക്കു കൈമാറിയിരുന്നു. ഇതിനെല്ലാം ശേഷമാണ്, കൂടുതൽ കണക്‌ഷൻ നൽകാനാകില്ലെന്നും പിൻമാറുകയാണെന്നും കെഫോണിനെയും ഐടി സെക്രട്ടറിയെയും അറിയിച്ചിരിക്കുന്നത്. സ്വന്തം നിലയ്ക്ക്, പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ ഉപയോഗിച്ച് അഞ്ചു മാസത്തിനകം 14,000 കണക്‌ഷൻ പൂർത്തീകരിക്കുമെന്നു കെഫോൺ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.
14000 ബിപിഎൽ വീടുകളിൽ കണക്‌ഷൻ നൽകിയശേഷം പദ്ധതിയുടെ ഉദ്ഘാടനം നടത്താനാണു സർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമ്പോൾ 1000 വീടുകളിൽ മാത്രമായിരുന്നു കണക്‌ഷൻ.