പൊള്ളുന്നു രാത്രി പോലും; പകലിനു സമാനമായ മുന്നറിയിപ്പുകൾ രാത്രിയിലേക്കും പ്രഖ്യാപിച്ചേക്കും
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ ഉറക്കം കെടുത്തി മിക്ക ജില്ലകളിലും രാത്രിയിലെ കുറഞ്ഞ താപനില 28–30 ഡിഗ്രി വരെ എത്തി. വരും ദിവസങ്ങളിൽ പകലിനു സമാനമായ മുന്നറിയിപ്പുകൾ രാത്രിയിലേക്കും പ്രഖ്യാപിച്ചേക്കും. അന്തരീക്ഷ ഈർപ്പം ഉയർന്നു നിൽക്കുന്നതിനാൽ രാത്രിയിലും പുലർച്ചെയും വിയർത്തു കുളിക്കുന്ന സാഹചര്യവും ഈ മാസാവസാനം വരെ തുടർന്നേക്കും. ഈ ആഴ്ച അവസാനം തെക്കൻ കേരളത്തിൽ ഭേദപ്പെട്ട വേനൽമഴ ലഭിച്ചേക്കും.
പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയുണ്ട്. തുടർച്ചയായ 2 ദിവസം 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടു രേഖപ്പെടുത്തുകയും ശരാശരി താപനിലയെക്കാൾ 4-5 ഡിഗ്രി സെൽഷ്യസ് ഉയരുകയും ചെയ്താലാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുക. പാലക്കാട് ഇന്നലെ തുടർച്ചയായ നാലാം ദിവസവും 40 ഡിഗ്രിക്കു മുകളിലായിരുന്നു (40.6). പുനലൂർ (39.2), കോട്ടയം (38.2), കോഴിക്കോട് (37.6) എന്നിവിടങ്ങളിലും ഇന്നലെ കൂടുതൽ ചൂടു രേഖപ്പെടുത്തി.
അടുത്ത മാസം മുതൽ ചൂട് കുറഞ്ഞേക്കും
∙ എൽ നിനോ പ്രതിഭാസത്തിന്റെ ശക്തി കുറയുന്നതിനാൽ അടുത്ത മാസം മുതൽ ചൂടു കുറഞ്ഞേക്കും. പസിഫിക് സമുദ്രോപരിതലത്തിൽ താപനില വർധിക്കുന്നത് ആഗോള മർദവ്യതിയാനത്തെ ബാധിക്കുന്നതിനാൽ പല ഇടങ്ങളിലും മഴ കുറയും.