വഴിത്തർക്കം: അയൽവാസികൾ തമ്മിൽ സംഘർഷം; മർദനമേറ്റു വീണ ഗൃഹനാഥൻ മരിച്ചു
Mail This Article
തൊടുപുഴ ∙ വഴിത്തർക്കത്തെ തുടർന്ന്, അയൽവാസിയായ സ്ത്രീയുടെ മർദനമേറ്റു റോഡിൽ വീണ മുള്ളരിങ്ങാട് അമ്പലപ്പടി പേങ്ങൻ കോളനിയിൽ പുത്തൻപുരയ്ക്കൽ സുരേന്ദ്രൻ (73) മരിച്ചു. ഇന്നലെ രാവിലെ 10ന് ആണു സംഭവം.
സുരേന്ദ്രൻ രാവിലെ ചായക്കടയിൽ പോയി ഭക്ഷണം കഴിച്ചശേഷം ഓട്ടോയിൽ വീട്ടിലേക്കു വരുന്നതിനിടെ വീടിനു സമീപം അയൽവാസിയായ കല്ലിങ്കൽ ദേവകി (62) ഓട്ടോ തടഞ്ഞു. തുടർന്നു സുരേന്ദ്രനും ദേവകിയും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഡ്രൈവർ ഓട്ടോയുമായി മടങ്ങി.
ദേവകിയും സുരേന്ദ്രനും തമ്മിൽ അടിപിടിയുണ്ടായെന്നും പിടിവലിയിൽ ഇരുവരും നിലത്തുവീണെന്നും പൊലീസ് പറഞ്ഞു. ദേവകി എഴുന്നേറ്റു വീട്ടിലേക്കുപോയി. എന്നാൽ സുരേന്ദ്രൻ രണ്ടു മണിക്കൂറോളം റോഡിൽ കിടന്നെന്നും ആംബുലൻസിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കാളിയാർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. വീണപ്പോഴുണ്ടായ പോറലുകളും വെയിലേറ്റു കിടന്നുണ്ടായ പൊള്ളലും മാത്രമാണു ശരീരത്തിലുള്ളതെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ ദേവകി പൊലീസ് നിരീക്ഷണത്തിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സുരേന്ദ്രന്റെ ഭാര്യ: രമാദേവി. മക്കൾ: ബിന്ദു, മഞ്ജുഷ, മഞ്ജു.