നടിയെ ആക്രമിച്ച കേസ്: സാക്ഷി മൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകണം
Mail This Article
കൊച്ചി∙ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയിലിരിക്കെ അനധികൃതമായി പരിശോധിച്ചെന്ന പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എൻക്വയറിയിൽ എടുത്ത സാക്ഷി മൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. ഈയാവശ്യം തള്ളിയതിനെ തുടർന്ന് അതിജീവിത നൽകിയ ഉപഹർജിയിലാണു ജസ്റ്റിസ് കെ.ബാബു സെഷൻസ് കോടതിക്കു നിർദേശം നൽകിയത്.
അതേസമയം, പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ 2024 ജനുവരി 8ലെ എൻക്വയറി റിപ്പോർട്ട് നിയമപരമല്ലാത്തതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ മറ്റൊരു ഉപഹർജി നിലനിൽക്കില്ലെന്ന എതിർവാദം പരിഗണിക്കുന്നത് ഹൈക്കോടതി വേനലവധിക്കു ശേഷം മാറ്റി.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് അതിജീവിതയുടെ ഉപഹർജിയിലുള്ളത്.ഹൈക്കോടതി നിർദേശപ്രകാരം സെഷൻസ് കോടതി നടത്തിയ എൻക്വയറിയുടെ റിപ്പോർട്ട് അതിജീവിതയ്ക്കു കൈമാറിയിരുന്നു. എന്നാൽ കോടതി ഉദ്ദേശിച്ച രീതിയിൽ അല്ല അന്വേഷണം നടത്തിയതെന്ന് അതിജീവിതയ്ക്കു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ഗൗരവ് അഗർവാൾ ചൂണ്ടിക്കാട്ടി.
രഹസ്യ എൻക്വയറി വേണമെന്നു ഹൈക്കോടതി നിർദേശം ഇല്ലാതിരുന്നിട്ടും തന്നെ പങ്കെടുപ്പിക്കാതെയും അന്വേഷണ ഏജൻസികളുടെ സഹായം തേടാതെയുമാണ് അതു നടത്തിയതെന്നാണ് അതിജീവിതയുടെ ആരോപണം.
അതേസമയം, ഹൈക്കോടതി തീർപ്പാക്കിയ ഹർജിയിൽ പുതിയ അപേക്ഷ നൽകുന്നതു കോടതി നടപടികളുടെ ദുരുപയോഗമാണെന്ന് ദിലീപിനുവേണ്ടി ഹാജരായ അഡ്വ. ഫിലിപ് ടി.വർഗീസ് വാദിച്ചു. അപേക്ഷ നിലനിൽക്കില്ല. ജുഡീഷ്യൽ ഓഫിസർമാരെയും കോടതി ജീവനക്കാരെയും ഉൾപ്പെടെ മോശക്കാരാക്കാനാണു ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു. വ്യാജമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഹൈക്കോടതി അപേക്ഷ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഹർജി മേയ് 30 ന് വീണ്ടും പരിഗണിക്കും.