കോടതി നിരീക്ഷണം: മതചിഹ്നം ഉപയോഗിക്കുന്നത് ക്രമക്കേട്; ‘ഇവിടെ തെളിവില്ല’
Mail This Article
കൊച്ചി ∙ ശബരിമല അയ്യപ്പന്റെ പടം വച്ച സ്ലിപ് അച്ചടിച്ചു വിതരണം ചെയ്തു എന്നതാണ് എം.സ്വരാജിന്റെ ഹർജിയിലെ ആരോപണത്തിന്റെ കാതൽ എന്നു പറഞ്ഞ കോടതി, എന്തുകൊണ്ട് അതു തള്ളുന്നു എന്നതിനു കാരണങ്ങളും നിരത്തി. ദൈവത്തിന്റെ പേരും മതചിഹ്നങ്ങളും തിരഞ്ഞെടുപ്പു നേട്ടത്തിന് ഉപയോഗിക്കുന്നതു ക്രമക്കേടാണെന്ന് ആവർത്തിച്ച കോടതി, ഇവിടെ തെളിവില്ലെന്നു വിലയിരുത്തി.
സ്ലിപ്പുകളിൽ പ്രിന്റർ ആൻഡ് പബ്ലിഷറുടെ പേരില്ലെന്നും തിരഞ്ഞെടുപ്പു സാമഗ്രികളുടെ കണക്കു സമർപ്പിച്ചതിൽ ഇത് ഉൾപ്പെട്ടിട്ടില്ലെന്നും കെ.ബാബു വാദിച്ചു. തട്ടിപ്പിന്റെ ഭാഗമായി അത് ഒഴിവാക്കിയതാകാം എന്നു ഹർജിക്കാർ വാദിച്ചെങ്കിലും തെളിയിക്കാനായില്ല. കോടതി പറഞ്ഞത്:
1. ചട്ടവിരുദ്ധമായ സ്ലിപ് വിതരണം ചെയ്തെന്ന് അറിഞ്ഞപ്പോൾ തന്റെ നിർദേശപ്രകാരം സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി പി.വാസുദേവൻ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിൽ പരാതി നൽകിയെന്നു സ്വരാജ് മൊഴി നൽകി. പരാതിയിൽ പക്ഷേ, സ്ലിപ്പിന്റെ പകർപ്പില്ല; സ്വാമി അയ്യപ്പന്റെ ചിത്രം സ്ലിപ്പിൽ ഉണ്ടെന്നു പറയുന്നുമില്ല. പരാതിക്കൊപ്പം സ്ലിപ് വയ്ക്കാത്തതു ക്രമക്കേട് ആരോപണത്തെ സംശയനിഴലിലാക്കുന്നു.
2. പൊലീസിനു നൽകിയ പരാതിയിൽ പരാമർശിക്കുന്ന സ്ലിപ്പും കോടതിയിൽ ഹാജരാക്കിയ സ്ലിപ്പും തമ്മിൽ വ്യത്യാസമുണ്ട്. ‘അയ്യപ്പന് ഒരു വോട്ട്’ എന്ന് അഭ്യർഥിക്കുന്ന സ്ലിപ് വിതരണം ചെയ്തെന്നാണു പൊലീസിനു നൽകിയ പരാതിയിലുള്ളത്. കോടതിയിൽ ഹാജരാക്കിയ സ്ലിപ്പുകളിൽ ‘നിങ്ങളുടെ വോട്ട് അയ്യപ്പന്’ എന്നാണുള്ളത്.
3. ശബരിമല അയ്യപ്പന്റെ പടം ഇല്ലാതെ ‘അയ്യപ്പന് ഒരു വോട്ട്’ എന്നു പറഞ്ഞാൽ ദൈവനാമം ദുരുപയോഗിച്ചു എന്നു പറയാനാവില്ല. അയ്യപ്പൻ എന്നതു സാധാരണമായ പേരാണ്.
4 തിരഞ്ഞെടുപ്പു ക്രമക്കേടുകളെക്കുറിച്ചു പരാതിപ്പെടുന്ന ‘സി വിജിൽ’ പോർട്ടലിൽ ചുവരെഴുത്തുകളെക്കുറിച്ചൊക്കെ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും സ്ലിപ്പിനെക്കുറിച്ചു പരാതി നൽകിയിട്ടില്ല.
5. കെ.ബാബുവിന്റെ ഇലക്‌ഷൻ ഏജന്റ് ആർ.വേണുഗോപാൽ പ്രവർത്തകർക്കൊപ്പമെത്തി വിവാദ സ്ലിപ്പുകൾ നൽകിയതായി 4 സാക്ഷികളുടെ മൊഴിയുണ്ട്. ഇലക്‌ഷൻ ഏജന്റ് ആണ് എന്നതൊഴിച്ചാൽ സ്ലീപ് വിതരണത്തിനു വേണ്ടത്ര തെളിവില്ല.
ഫെയ്സ്ബുക് ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ബാബു
സ്വരാജ് ഹാജരാക്കിയ സാക്ഷികൾ സിപിഎം/അനുബന്ധ സംഘടനകളുടെ പ്രവർത്തകരാണെന്ന് ബാബു വാദിച്ചു. സാക്ഷികൾ ഇതു നിഷേധിച്ചെങ്കിലും ഫെയ്സ്ബുക്കിലെ ചിത്രങ്ങൾ ബാബു തെളിവായി ചൂണ്ടിക്കാട്ടി.
സാക്ഷികളിലൊരാൾ സിപിഎം യൂണിറ്റ് ഭാരവാഹിയാണെന്നും മറ്റൊരാൾ ഡിവൈഎഫ്ഐ ഭാരവാഹിയാണെന്നും പോസ്റ്റുകളിൽ വ്യക്തമാണെന്നു ബാബു വാദിച്ചു. എന്നാൽ, അക്കൗണ്ട് തന്നെ വ്യാജമാണെന്നായിരുന്നു മറുവാദം. കൂടുതൽ പരിശോധനയ്ക്കു കോടതി മുതിർന്നില്ല. ഏതായാലും, ക്രോസ് വിസ്താരത്തിൽ ഈ സാക്ഷികളുടെ മറുപടികൾ ഒരേപോലെയാണെന്നു കോടതി വിലയിരുത്തി. അയ്യപ്പഭക്തനാണെന്ന് അവകാശപ്പെട്ട ഒരു സാക്ഷിക്ക് മണ്ഡലത്തിൽ അയ്യപ്പക്ഷേത്രം എവിടെയാണെന്നു പറയാനായില്ല. മൊഴികളിൽ അവ്യക്തതയുണ്ടെന്നും കോടതി പറഞ്ഞു.
ഇതേസമയം, വിവാദ സ്ലിപ്പുകൾ സ്വരാജിന്റെ നിർദേശപ്രകാരം കൃത്രിമമായി ചമച്ചതാണെന്നു ബാബു ഉന്നയിച്ച വാദം കോടതി തള്ളി.