സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനാ നേതാക്കൾ തമ്മിൽത്തല്ലി
Mail This Article
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനാ നേതാക്കൾ തമ്മിൽ ഉച്ചയ്ക്ക് ഓഫിസ് സമയത്ത് കയ്യാങ്കളി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഓഫിസിൽ ഉച്ചയോടെയായിരുന്നു സംഭവം. കുറച്ചു നാളുകളായി പ്രസിഡന്റും ജനറൽ സെക്രട്ടറിയും രണ്ടു ചേരിയിലാണ്. ഇരുവരും ദീർഘനാളായി സ്ഥാനത്തു തുടരുന്നതിൽ സംഘടനയ്ക്കുള്ളിൽ മുറുമുറുപ്പുമുണ്ട്. ഇൗ അസ്വാരസ്യം വളർന്നാണ് തമ്മിൽത്തല്ലിൽ എത്തിയത്. അടുത്ത മാസമാണ് സംഘടനയുടെ വാർഷിക പൊതുയോഗം.
സെക്രട്ടേറിയറ്റ് മാവേലി സ്റ്റോർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഓഫിസിൽ വാക്കേറ്റത്തോടെയായിരുന്നു തുടക്കം. തന്റെ ചിത്രം സംഘടനയുടെ മാസികയിൽ അപ്രധാനമായി കൊടുത്തതു കന്റീൻ മാനേജിങ് കമ്മിറ്റിയംഗം ചോദ്യം ചെയ്തു. അക്കാര്യങ്ങൾ പത്രാധിപസമിതിയിലാണ് ഉന്നയിക്കേണ്ടതെന്നായിരുന്നു പത്രാധിപരായ നിർവാഹക സമിതിയംഗത്തിന്റെ മറുപടി. ഇതോടെ കുപിതനായി കന്റീൻ കമ്മിറ്റിയംഗം കൈവീശി. സിപിഎം ജില്ലാ നേതാവിന്റെ ബന്ധുവും പങ്കുചേർന്നതോടെ രണ്ടു ചേരിയായി അടിയും ഉന്തും തള്ളുമായി.
ബഹളം കേട്ട് ഒട്ടേറെ ജീവനക്കാരെത്തി. എന്നാൽ അടിയുണ്ടായില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. പൊലീസിൽ ആരും പരാതി നൽകിയിട്ടുമില്ല. പ്രതിപക്ഷ സർവീസ് സംഘടനയുടെ വാട്സാപ് ഗ്രൂപ്പിൽ ചർച്ചയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ടു വിഭാഗത്തിൽ പെട്ടവരെയും പിന്നീട് എകെജി സെന്ററിലേക്ക് വിളിച്ചു പാർട്ടി നേതൃനിരയിലുള്ളവർ ശാസിച്ചതായി അറിയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ പാർട്ടി ഗൗരവത്തോടെ എടുത്തിട്ടുണ്ട്.