‘തോറ്റു മടങ്ങി’ സിപിഒ സമരക്കാർ; സിപിഎമ്മിനും ഡിവൈഎഫ്ഐക്കും എതിരെ രോഷം
Mail This Article
തിരുവനന്തപുരം ∙ ‘‘പിണറായി ജയിച്ചു; ഞങ്ങൾ തോറ്റു’’ – സെക്രട്ടേറിയറ്റിനു മുന്നിൽ ഇൗ ബോർഡ് കൈകൊണ്ടെഴുതി 62 ദിവസത്തെ സമരത്തിനു ശേഷം സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ തലസ്ഥാനത്തോടു വിടപറഞ്ഞു.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നും കൂടുതൽ നിയമനങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടു നവകേരള സദസ്സുകളിൽ മുഖ്യമന്ത്രിക്കു നൽകിയ പരാതികളുടെ രസീതുകൾ ഒരുമിച്ചു ചേർത്ത് റീത്തുണ്ടാക്കി സമരപ്പന്തലിൽ പ്രദർശിപ്പിച്ചു. വൈകിട്ടോടെ ഇവ കൂട്ടിയിട്ടു കത്തിച്ച ശേഷമായിരുന്നു സമരക്കാരുടെ മടക്കം.
ഹൈക്കോടതിയിൽ നൽകിയ കേസിലെ വിധിയിലാണ് ഇനി പ്രതീക്ഷയെന്നും സമൂഹമാധ്യമങ്ങളിൽ സമരവും പ്രതിഷേധവും തുടരുമെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നേതാക്കളായ ഹരികൃഷ്ണനും അനന്തു ബാഹുലേയനും പറഞ്ഞു.
‘‘കൊടുംചതിയാണു സർക്കാർ ഞങ്ങളോടു കാട്ടിയത്. കട്ട് ഓഫ് മാർക്കിനെക്കാൾ 20 മാർക്കെങ്കിലും കൂടുതൽ കിട്ടിയവരാണ് പട്ടികയിലെ പലരും. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അധികാരമുണ്ടെന്നാണു ഞങ്ങൾ കരുതിയത്. എന്നാൽ, അദ്ദേഹത്തെ സമീപിച്ചപ്പോൾ വളരെ മോശം അനുഭവമാണുണ്ടായത്. ഇടപെടാം എന്നു പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല’’– ഭാരവാഹികൾ പറഞ്ഞു.