ട്രെയിൻ ഇടിച്ചു പരുക്കേറ്റ പിടിയാന ചരിഞ്ഞു
Mail This Article
കഞ്ചിക്കോട് (പാലക്കാട്) ∙ മൂന്നു ദിവസത്തെ വേദനയ്ക്കൊടുവിൽ പിടിയാന ചെരിഞ്ഞു. മലമ്പുഴ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി പരുക്കേറ്റ ആനയെ രക്ഷിക്കാനുള്ള വനം ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായി. മലമ്പുഴ വനത്തോടു ചേർന്ന് ഒരുക്കിയ താൽക്കാലിക കേന്ദ്രത്തിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് 25 വയസ്സുള്ള ആനയുടെ അന്ത്യം മെഡിക്കൽ സംഘം സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രി തന്നെ സംസ്കരിച്ചു.
ഇന്നലെ രാവിലെ ആരോഗ്യനില കൂടുതൽ വഷളായതിനെത്തുടർന്നു വനംവകുപ്പ് തൃശൂരിൽ നിന്നുള്ള മെഡിക്കൽ ടീമിനെ വീണ്ടും എത്തിച്ചെങ്കിലും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കാതായ ആന ഉച്ചയോടെ വെള്ളംപോലും കുടിക്കാതായി. കാലിനും ഇടുപ്പെല്ലിനും പുറമേ ആന്തരാവയവങ്ങൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നു വനംവകുപ്പ് ഡോക്ടർമാർ പറഞ്ഞു.
ബുധനാഴ്ച പുലർച്ചെയാണ് ആനയെ ചരക്കുട്രെയിൻ ഇടിച്ചത്. വെള്ളം തേടിയെത്തിയ ആനക്കൂട്ടം തിരിച്ചു വനത്തിലേക്കു കയറുന്നതിനിടെ പിടിയാനയെ ട്രെയിൻ ഇടിക്കുകയായിരുന്നു.