കെ.ജി.ജയൻ അന്തരിച്ചു; വിട പറഞ്ഞത് വേറിട്ട ഈണങ്ങളൊരുക്കിയ ഗായകനും സംഗീതസംവിധായകനും
Mail This Article
കൊച്ചി ∙ മലയാള സംഗീതനഭസ്സിലെ ഇരട്ടനക്ഷത്രങ്ങളായ ജയവിജയ സഹോദരന്മാരിലെ കെ.ജി.ജയനും (90) ഓർമയായി. ഇന്നലെ പുലർച്ചെ തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു കോട്ടയം നട്ടാശേരി സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം. ഇരട്ട സഹോദരനായ കെ.ജി.വിജയന്റെ വിയോഗം 1988ൽ ആയിരുന്നു.
ജയന്റെ മൃതദേഹം ഇന്നു രാവിലെ 8.30നു ചോയ്സ് സ്കൂളിനു സമീപത്തുള്ള വസതിയിൽ കൊണ്ടുവരും. വൈകിട്ട് 3 മുതൽ 5 വരെ ലായം കൂത്തമ്പലത്തിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വൈകിട്ട് 5.30ന് ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ മാർക്കറ്റ് – പുതിയകാവ് റോഡിലെ ശ്മശാനത്തിൽ സംസ്കാരം. ഭാര്യ: പരേതയായ സരോജിനി. ബിജു കെ.ജയൻ (ദുബായ്), നടനും ഗായകനുമായ മനോജ് കെ. ജയൻ എന്നിവർ മക്കളാണ്. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.
നടൻ ജോസ് പ്രകാശാണ് ഇരുവരുടെയും പേര് ചുരുക്കി ‘ജയവിജയ’ ആക്കിയത്. ഒട്ടേറെ ഭക്തിഗാനങ്ങൾ ഈണമിട്ടു പാടിയ ഈ കൂട്ടുകെട്ട് മുപ്പതോളം മലയാളം, തമിഴ് സിനിമകൾക്കു സംഗീതം നൽകി. ‘നിറകുടം’ എന്ന ചിത്രത്തിലെ ‘നക്ഷത്രദീപങ്ങൾ തിളങ്ങി’, ‘തെരുവുഗീത’ത്തിലെ ‘ഹൃദയം ദേവാലയം’ എന്നീ ഗാനങ്ങൾ സൂപ്പർഹിറ്റ്. സഹോദരനൊപ്പം ‘ചെമ്പൈ: സംഗീതവും ജീവിതവും’ എന്ന പേരിൽ ചെമ്പൈയുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്. 1991ൽ സംഗീത നാടക അക്കാദമി, 2013ൽ ഹരിവരാസനം പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിയിട്ടുള്ള കെ.ജി.ജയനെ 2019ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.