എക്സാലോജിക് കേസ്: അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ.ഡി
Mail This Article
കൊച്ചി∙ എക്സാലോജിക്കിനു സിഎംആർഎൽ പണം കൈമാറിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് അടക്കമുള്ള നിർണായക നടപടികളിലേക്കു നീങ്ങുന്നു. കരിമണൽ കമ്പനിയായ സിഎംആർഎലിലെ ഉദ്യോഗസ്ഥർ അന്വേഷണത്തോടു സഹകരിക്കാത്ത സാഹചര്യത്തിലാണിത്. ഇതിനു മുന്നോടിയായി അന്വേഷണ സംഘം പ്രോസിക്യൂട്ടർമാരിൽ നിന്നു നിയമോപദേശം തേടി. കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തായെ ബുധനാഴ്ച രാത്രി 11.30 വരെ ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം ഇതിനിടയിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ശശിധരൻ കർത്തായുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും പരിശോധിച്ചു.
സിഎംആർഎലിലെ ഉയർന്ന പദവി വഹിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി. സുരേഷ്കുമാർ, കാഷ്യർ കെ.എം. വാസുദേവൻ എന്നിവരെ തുടർച്ചയായ മൂന്നാം ദിവസവും അന്വേഷണ സംഘം ചോദ്യം ചെയ്തു.
കരിമണൽ ഖനനം കേന്ദ്ര സർക്കാർ നിരോധിച്ചതിനു ശേഷവും കേരളതീരത്തു കരിമണൽ ഖനനം നടത്താൻ സിഎംആർഎലിനു കഴിഞ്ഞിരുന്നു. ഇ.ഡി ചോദ്യം ചെയ്യലിനിടയിൽ ശശിധരൻ കർത്തായോടും മറ്റ് ഉദ്യോഗസ്ഥരോടും ഇതുസംബന്ധിച്ചു ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു സിഎംആർഎൽ കമ്പനി 14 കോടി രൂപ ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷി പാർട്ടി നേതാവിനു നൽകിയെന്ന ആരോപണത്തിന്റെ വസ്തുതകളും ഇ.ഡി ആരാഞ്ഞു. ശശിധരൻ കർത്തായടക്കം സിഎംആർഎലിലെ എല്ലാവരും മുഴുവൻ ആരോപണങ്ങളും നിഷേധിച്ചു.