‘മൂവർണക്കൊടി കയ്യിലേന്തി സിംഹത്തെ പോലെ കുതിക്കുന്നു’, രേവന്ത് അണ്ണന് മാസ് എൻട്രി
Mail This Article
അഞ്ചുതെങ്ങ് (തിരുവനന്തപുരം) ∙ ‘മൂടു രംഗുല ജെണ്ടപട്ടി, സിങ്കമോലെ കദിലിനാടു, ഒതറു കോൺഗ്രസു സൂരീഡു, മന രേവന്ത് അണ്ണ..’ മൂവർണക്കൊടി കയ്യിലേന്തി സിംഹത്തെപ്പോലെ കുതിക്കുകയാണ് കോൺഗ്രസിന്റെ സൂര്യനായ നമ്മുടെ രേവന്ത് അണ്ണൻ എന്നർഥം. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനെ നയിച്ചപ്പോൾ രേവന്ത് റെഡ്ഡിക്കു വേണ്ടി മുഴങ്ങിയ പാട്ടാണ്. തുമ്പ രാജീവ് ഗാന്ധി ജംക്‌ഷനിൽ ഈ തെലുങ്ക് ഗാനം മുഴങ്ങുകയാണ്.
മൂവർണക്കൊടി കെട്ടിയ നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ, അനൗൺസ്മെന്റ് വാഹനങ്ങൾ, തുറന്ന ജീപ്പുകൾ... തെലുങ്ക് സിനിമകളിൽ നായകന്റെ പ്രവേശനത്തിനു മുൻപ് ഒരുക്കുന്ന മാസ് രംഗം പോലെ തുമ്പ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എത്തുന്നതിനു മുൻപേ എല്ലാം ഒരുങ്ങി. റെഡ്ഡിയുടെ കോപ്റ്റർ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങിയപ്പോൾ ഒന്നേകാൽ മണിക്കൂറോളം വൈകി. രേവന്ത് എത്തിയപ്പോൾ സമയം 11.30. നേരം കളയാതെ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനൊപ്പം പ്രചാരണ വാഹനത്തിലേക്കു കയറി.
മലയാളം മാത്രം അറിയാവുന്ന പ്രവർത്തകരോട് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലുള്ളവർ നാട്ടുകാരുടെ സ്കൂട്ടറിനു പിന്നിൽ പാഞ്ഞെത്തി ഇടയ്ക്കിടെ തെലുങ്കിൽ പറഞ്ഞത് ഭാഷയുടെ അതിരുകൾക്കപ്പുറം എല്ലാവർക്കും മനസ്സിലായി– ‘സിഎം ഇപ്പോൾ തന്നെ ലേറ്റാണ്, വേഗം വേഗം പോകൂ!’ തുമ്പ മുതൽ അഞ്ചുതെങ്ങ് മാമ്പള്ളി വരെ 20 കിലോമീറ്റർ. ചുട്ടുപൊള്ളുന്ന വെയിലിൽ, വഴിയോരത്ത് കാത്തു നിൽക്കുന്ന ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് രേവന്ത് റെഡ്ഡി ഈ ദൂരം പിന്നിടാൻ വേണ്ടിവന്നത് ഒരു മണിക്കൂർ 55 മിനിറ്റ്.
ഇതിനിടയിൽ വാഹനം ഏതാനും നിമിഷം നിർത്തിയത് പുത്തൻതോപ്പ്, മരിയനാട്, പെരുമാതുറ, പുതുക്കുറിച്ചി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങാൻ മാത്രം. ഒടുവിൽ രേവന്ത് റെഡ്ഡി ഏതാനും വാക്കുകൾ സംസാരിക്കുമെന്നു കരുതി മാമ്പള്ളി ജംക്‌ഷനിൽ ഏവരും കാത്തു നിന്നെങ്കിലും ഡിസിസി പ്രസിഡന്റ് പാലോട് രവി കയ്യിലെടുത്ത മൈക്കിൽ നിന്നു ശബ്ദം സ്പീക്കറിലേക്ക് എത്തിയില്ല. എല്ലാവരോടും യാത്ര പറഞ്ഞ് രേവന്ത് കാറിൽ കയറി, 2 മണിക്കു പൊതുസമ്മേളനം പറഞ്ഞിരിക്കുന്ന കല്ലറയിലെത്താൻ. അപ്പോൾ സമയം 1.30 ആയിരുന്നു.