കരിമണൽ ഖനനത്തിനെതിരെ കേന്ദ്രം നടപടി എടുക്കാത്തതെന്ത്: കെ.സി. വേണുഗോപാൽ
Mail This Article
ആലപ്പുഴ∙ കരിമണൽ ഖനനത്തിനു കോൺഗ്രസ് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിക്കുന്ന അമിത് ഷാ, 10 വർഷം കേന്ദ്രം ഭരിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാത്തത് എന്താണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കേന്ദ്രസർക്കാരിനു കീഴിലുള്ള ഐആർഇൽ ആണ് വ്യക്തിക്കു കരിമണൽ കടത്താൻ ഒത്താശ ചെയ്യുന്നത്. കോൺഗ്രസ് 10 വർഷമായി കേന്ദ്രത്തിലും 8 വർഷമായി കേരളത്തിലും ഭരണത്തിലില്ല. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും കേന്ദ്രം എടുത്തിട്ടില്ല എന്നറിയുമ്പോൾ ആരാണു യഥാർഥ പ്രതികളെന്നു ജനത്തിനു മനസ്സിലാകും.
2009ൽ മത്സരിക്കുമ്പോൾ, സിഎംആർഎൽ ഉടമ ശശിധരൻ കർത്ത തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും താൻ സ്വീകരിച്ചില്ലെന്നും വേണുഗോപാൽ പറഞ്ഞു. 10 കൊല്ലം കേന്ദ്രം ഭരിച്ചിട്ടും നടപ്പാക്കാത്ത കയർ പാക്കേജ്, ഇപ്പോൾ തോൽക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനു മുൻപാണോ ബിജെപി പ്രഖ്യാപിക്കുന്നതെന്നു കെ.സി. ചോദിച്ചു. മത്സ്യത്തൊഴിലാളികളോടു സ്നേഹമുണ്ടായിരുന്നെങ്കിൽ തീരദേശ നിയമം ഭേദഗതി ചെയ്യാത്തത് എന്താണെന്നും വേണുഗോപാൽ ചോദിച്ചു.