10 ദിവസമായി വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞ നിലയിൽ
Mail This Article
പത്തനാപുരം (കൊല്ലം) ∙ കടശേരി വനത്തിൽ 10 ദിവസത്തോളം വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു. കടശേരി ഫോറസ്റ്റ് സ്റ്റേഷനു കീഴിലെ പാടം ഇരുട്ടുതറയിലാണ് സംഭവം. 30 വയസ്സ് തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. മൃതദേഹത്തിനു 4 ദിവസത്തെ പഴക്കം കണക്കാക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇന്നലെ രാവിലെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
അരുവി ഒഴുകുന്ന മലയുടെ ചരിവിൽ വീണു പരുക്കേറ്റ നിലയിലായിരുന്നു ആനയുടെ കിടപ്പ്. വെള്ളം കുടിക്കാൻ അരുവിയിലേക്കു പോകുമ്പോൾ വീണതാകാമെന്നു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിലാണ് 10 ദിവസമായി വെള്ളം കുടിച്ചിട്ടില്ലെന്നു ബോധ്യമായത്. മറ്റ് അസുഖങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, അമിത ചൂടിലും വെള്ളം കുടിക്കാതെ കഴിഞ്ഞതു വഴി ആരോഗ്യം ക്ഷയിക്കുകയും, അരുവിയിലേക്കു പോകും വഴി വീണതോടെ എഴുന്നേൽക്കാൻ കഴിയാതെ ഇവിടെ കിടന്നു ചരിയുകയായിരുന്നു എന്നാണു നിഗമനം. കിലോമീറ്ററുകൾ ആന നടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം. പിന്നീട് നടപടികൾ പൂർത്തിയാക്കി കുഴിച്ചു മൂടി.