തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സൈബർ വിഭാഗം വരുന്നു
Mail This Article
തിരുവനന്തപുരം∙ സൈബർ സുരക്ഷ വർധിപ്പിക്കുന്നതിനു തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്രത്യേക സൈബർ വിഭാഗം നിലവിൽ വരുന്നു. വിവര സാങ്കേതിക വിദ്യയിലും കംപ്യൂട്ടർ ടെക്നോളജിയിലും പ്രാവീണ്യമുള്ള ജീവനക്കാരെ കണ്ടെത്തിയാണു സൈബർ വിങ്ങിന്റെ പ്രവർത്തനം. കൂടുതൽ വിദഗ്ധരായവരെ വേണ്ടി വന്നാൽ അതിനായി പ്രത്യേക നിയമനം നടത്താനും ആലോചനയുണ്ട്.
സൈബർ ഫൊറൻസിക് വിദഗ്ധൻ ഡോ.വിനോദ് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലാണ് സൈബർ വിങ്ങിനു പരിശീലനം നൽകുന്നത്. ടെക്നിക്കൽ കമ്മിറ്റി ഉപദേശകനായി നിയമിതനായ അദ്ദേഹം ബോർഡിന്റെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളും പൂർത്തിയാക്കും. ശബരിമല ഉൾപ്പെടെ 26 ക്ഷേത്രങ്ങളിൽ ഡിജിറ്റൈസേഷൻ പുരോഗമിക്കുകയാണ്. ബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളെയും 6 മാസത്തിനകം ഓൺലൈൻ വഴി ബന്ധിപ്പിക്കും. ഓരോ ക്ഷേത്രത്തിനും പ്രത്യേകം ഓൺലൈൻ പേജുകൾ നിർമിച്ച് കേന്ദ്ര ഡൊമെയ്നുമായി ബന്ധിപ്പിച്ചായിരിക്കും പ്രവർത്തനം. ക്ഷേത്രങ്ങളിലും ദേവസ്വം ഓഫിസുകളിലുമുള്ള വിവിധ തരത്തിലുള്ള വൗച്ചറുകൾ, റജിസ്റ്റർ, രസീത് എന്നിവയുടെ ഏകീകൃത ഫോർമാറ്റും നിലവിൽ വരും.