ഇറാനിയൻ ബോട്ടും 6 തമിഴ് മത്സ്യ തൊഴിലാളികളും കൊച്ചിയിൽ; ദേശവിരുദ്ധ പ്രവർത്തനമല്ലെന്ന് ആദ്യ നിഗമനം
Mail This Article
കൊച്ചി ∙ െകായിലാണ്ടി തീരക്കടലിൽനിന്നു തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത ഇറാനിയൻ ബോട്ടും അതിലുണ്ടായിരുന്ന 6 തമിഴ് മത്സ്യത്തൊഴിലാളികളെയും കൊച്ചിയിലെത്തിച്ചു. കോസ്റ്റ്ഗാർഡ് ആസ്ഥാനത്തെത്തിച്ച ഇവരെ കേന്ദ്ര– സംസ്ഥാന അന്വേഷണ ഏജൻസികൾ വിശദമായി ചോദ്യം ചെയ്തു.
സംയുക്ത ചോദ്യം ചെയ്യലിൽ രഹസ്യാന്വേഷണ ഏജൻസികളുടെ പ്രതിനിധികളും പങ്കെടുത്തു. മറ്റൊരു രാജ്യത്തു നിന്നുള്ള ബോട്ട് അനുമതിയില്ലാതെ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ എത്തിയതു രാജ്യസുരക്ഷയെ ബാധിക്കുന്നതും നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതും ആയതിനാലാണു ബന്ധപ്പെട്ട എല്ലാ ഏജൻസികളും ചോദ്യം ചെയ്യലിന് എത്തിയത്.
സ്പോൺസറുടെ പീഡനം മൂലം ഇറാനിൽ നിന്നു ബോട്ടിൽ രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികൾ ഇന്ധനം തീർന്നു കടലിൽ കുടുങ്ങുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ പറയുന്നതു സത്യമാണെന്നും ദേശവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട സൂചനകൾ സംഭവത്തിനു പിന്നിലില്ലെന്നുമാണ് ഏജൻസികളുടെ പ്രാഥമിക നിഗമനം. ഇവരെ തുടർനടപടികൾക്കായി തീരദേശ പൊലീസിനു കൈമാറി.
ഏപ്രിൽ 24നാണ് ഇറാനിലെ കിഷ് ദ്വീപിലെ തുറമുഖത്തു നിന്ന് ഇവർ ബോട്ടുമായി പുറപ്പെട്ടത്. 3,719 കിലോമീറ്റർ (2,008 നോട്ടിക്കൽ മൈൽ) ദൂരമാണ് ഇവിടെ നിന്നു കൊച്ചിയിലേക്ക്. യാത്രയ്ക്കിടെ ഇന്ധനം തീർന്നതോടെ ശനിയാഴ്ച വൈകിട്ട് 4നു കൊയിലാണ്ടി തീരത്തു നിന്ന് 24 നോട്ടിക്കൽ മൈൽ അകലെ ബോട്ട് കുടുങ്ങുകയായിരുന്നു.