അമ്മയുടെ ഓർമയ്ക്ക് ക്ഷേത്രം പണിത് മകൻ
Mail This Article
കമ്പം ∙ കാൻസർ ബാധിച്ചു മരിച്ച അമ്മയ്ക്ക് 85 അടി ഉയരത്തിൽ ക്ഷേത്രം നിർമിച്ചു മകൻ. മൂവാറ്റുപുഴ സബീൻ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിലെ ഡോക്ടർമാരായ ജഗന്തും ഭാര്യ മഹാലക്ഷ്മിയും തമിഴ്നാട്ടിലെ തേനി ജില്ലയിൽ ചുരുളിപ്പെട്ടിയിലാണ് ഒരേക്കർ സ്ഥലത്തു ക്ഷേത്രം നിർമിച്ചത്. ഇന്ന് മാതൃദിനത്തിൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ചുരുളിപ്പെട്ടി സ്വദേശിയാണ് ഡോ. ജഗന്ത് ജയരാജ്.
2013 ലാണ് ഡോ. ജഗന്തിന്റെ അമ്മ ജയമീന മരിച്ചത്. എന്താവശ്യമുണ്ടെങ്കിലും തന്നെ വിളിച്ചാൽ മതിയെന്നു മരണസമയത്ത് അമ്മ നൽകിയ ഉറപ്പാണ് ക്ഷേത്രം എന്ന ആശയത്തിലേക്ക് എത്തിച്ചതെന്നു ഡോ. ജഗന്ത് പറയുന്നു.
ശക്തിമിക അണ്ണെ ശ്രീ ജയമീനാ തിരുക്കോവിൽ എന്നാണു ക്ഷേത്രത്തിനു പേരിട്ടിരിക്കുന്നത്. ജയമീനയുടെ രൂപമാണ് പ്രതിഷ്ഠ. രക്താർബുദത്തിന്റെ പിടിയിലാകുന്ന കുഞ്ഞുങ്ങൾക്കു ചികിത്സാസഹായം നൽകാനും ഡോക്ടർക്കു പദ്ധതിയുണ്ട്. കഴിഞ്ഞ വനിതാദിനത്തിൽ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.