ഒരു സീറ്റ്: വിട്ടുകൊടുക്കാതെ സിപിഐയും കേരള കോൺഗ്രസും (എം); എൽഡിഎഫിൽ രാജ്യസഭാ പോര്
Mail This Article
തിരുവനന്തപുരം∙ എൽഡിഎഫിലെ ഒരു ഘടകകക്ഷിക്കു ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഐയും കേരള കോൺഗ്രസും (എം) പരസ്യമായി അവകാശവാദം ഉന്നയിച്ചതോടെ തർക്കം മുന്നണിക്കു തലവേദനയാകുമെന്ന് ഉറപ്പായി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നു കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. തൊട്ടു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം വന്നു: ‘സിപിഐയുടെ സീറ്റ് സിപിഐക്കു തന്നെ’.
ബിനോയ് വിശ്വവും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയും ഒരേ സമയം ഒഴിയുമ്പോൾ രണ്ടിൽ ഒരു പാർട്ടിക്കേ സീറ്റ് ലഭിക്കൂ. മൂന്ന് ഒഴിവുകളിൽ എൽഡിഎഫിനു ലഭിക്കുന്ന രണ്ടിൽ ഒന്ന് സ്വാഭാവികമായും സിപിഎമ്മിനാണ്.
രാജ്യസഭാ സീറ്റിന് എംഎൽഎമാരുടെ അംഗബലമാണ് സാധാരണ മാനദണ്ഡമാക്കുന്നത്. 17 എംഎൽഎമാരുള്ള സിപിഐക്ക് അങ്ങനെ നോക്കുമ്പോൾ മേൽക്കൈയുണ്ട്. 2 രാജ്യസഭാംഗങ്ങളെ ലഭിക്കാനുള്ള കരുത്ത് അവർക്ക് അവകാശപ്പെടാം. കേരള കോൺഗ്രസിന് (എം) ഉള്ളത് 5 എംഎൽഎമാരാണ്. എന്നാൽ സിപിഐക്ക് പി.സന്തോഷ് കുമാർ കൂടി രാജ്യസഭാംഗമായുണ്ട്. ജോസ് കെ.മാണി വിരമിക്കുമ്പോൾ പകരം സീറ്റ് പാർട്ടിക്കു തന്നെ കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസിന് (എം) രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാകും.
യുഡിഎഫിൽ ആയിരിക്കെ ജോസ് കെ.മാണിക്കു കിട്ടിയ രാജ്യസഭാ സീറ്റ് അദ്ദേഹം മുന്നണി മാറിയപ്പോൾ രാജിവച്ചു. അങ്ങനെ ലഭിച്ച സീറ്റായതിനാൽ ജോസിനു തന്നെ എൽഡിഎഫ് നൽകുകയായിരുന്നു. അത് ഒറ്റത്തവണത്തേക്കാണെന്നും അതിന്റെ പേരിൽ പിന്തുടർച്ചാവകാശം ചോദിക്കരുതെന്ന ധാരണ എൽഡിഎഫിൽ ഉണ്ടായിരുന്നുവെന്നു സിപിഐ വാദിക്കുന്നു. 2022ൽ ആർജെഡിയുടെ എം.വി.ശ്രേയാംസ്കുമാർ വിരമിച്ച ഒഴിവിലെ സീറ്റ് സിപിഐക്ക് സിപിഎം കൈമാറിയത് ഇത്തവണ കേരള കോൺഗ്രസിന് (എം) നൽകേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ടിട്ടാണെന്ന് ആ പാർട്ടിയും അവകാശപ്പെടുന്നു.
എൽഡിഎഫിലേക്ക് കേരള കോൺഗ്രസ് (എം) വന്നപ്പോൾ മുതൽ സിപിഐയുമായി മൂപ്പിളമത്തർക്കമുണ്ട്. അതുകൊണ്ടു തന്നെ പരസ്പരം വിട്ടുവീഴ്ച ചെയ്യാനുള്ള സാധ്യത തീരെയില്ല. സിപിഎമ്മിന്റെ തീരുമാനം തന്നെയാകും പ്രധാനം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇരു പാർട്ടികളുടെയും പ്രകടനവും ആ തീരുമാനത്തെ സ്വാധീനിക്കാം. ജൂണിലാകും രാജ്യസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരിക.