ADVERTISEMENT

തിരുവനന്തപുരം ∙ ഭൂമിയുടെ റീസർവേയിലെ തെറ്റു തിരുത്താൻ 78 താലൂക്ക് ഓഫിസുകളിലായി കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തോളം അപേക്ഷകൾ. 40 വർഷം വരെ പഴക്കമുള്ള ലാൻഡ് റെക്കോർഡ് മാനേജ്മെന്റ് (എൽആർഎം) അപേക്ഷകളാണ് ഇങ്ങനെ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്.

ഈ വർഷം ജനുവരിയിലെ കണക്ക് അനുസരിച്ച് ആകെ തീർപ്പാക്കാനുള്ളത് 1,44,360 എണ്ണമാണ്. ഏറ്റവും കൂടുതൽ അപേക്ഷകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്; 45,124. കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ പതിനായിരത്തിലേറെ അപേക്ഷകളുണ്ട്.

ആകെയുള്ളവയിൽ 49,482 അപേക്ഷകൾ അതിർത്തി നിർണയത്തിലെ പരാതികളാണ്. വിസ്തീർണ വ്യത്യാസം സംബന്ധിച്ച 40,343 പരാതികളുണ്ട്. ഇനമാറ്റം സംബന്ധിച്ച പരാതികളുടെ എണ്ണം 21,836 ആണ്. മറ്റു തരത്തിലുള്ള 32,699 അപേക്ഷകളുമുണ്ട്. പട്ടയഭൂമിയായിരുന്നത് റീസർവേയിലെ സർക്കാർ ഭൂമിയായി വീണ്ടും മാറുന്നതാണ് ഇനമാറ്റം.

പട്ടയം ലഭിച്ചു ഭൂമി സ്വന്തമായെന്നു കരുതിയവർ വീണ്ടും രേഖകളിൽ സർക്കാർ ഭൂമിയായി മാറിയതോടെ അതു തിരുത്താൻ താലൂക്ക് ഓഫിസുകളിൽ കയറിയിറങ്ങുന്ന സ്ഥിതിയാണ്. താലൂക്ക് ഓഫിസുകളിൽ ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഭൂരേഖ തഹസിൽദാറും ഇദ്ദേഹത്തെ സഹായിക്കാൻ സർവേയർമാരുടെ സംഘവുമുണ്ടെങ്കിലും നടപടികൾക്കു വേഗമില്ല. 

ഡിജിറ്റൽ തുടങ്ങിയപ്പോഴേ കൈക്കൂലി

ഭൂമിയുടെ ഡിജിറ്റൽ സർവേയുടെ മറവിൽ ഡിജിറ്റൽ ഉപകരണങ്ങൾ വാടകയ്ക്ക് എടുത്ത് സമാന്തര സർവേ നടത്തിയ രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്കനടപടി വേണ്ടി വന്നതോടെ സർക്കാരിന്റെ അഭിമാന പദ്ധതി വിവാദക്കുരുക്കിൽ. എറണാകുളം ജില്ലയിൽ 2 വനിതാ ഉദ്യോഗസ്ഥർ ഭൂ ഉടമകളിൽ നിന്നു വ്യാപകമായി കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതോടെ ഇതിലെ കരാർ സർവേയറെ പിരിച്ചുവിട്ടു. ഡിപ്പാർട്മെന്റ് സർവേയറെ സസ്പെൻഡും ചെയ്തു. 

റീസർവേ പ്രവർത്തനങ്ങളിൽ മുൻപും കൈക്കൂലി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും കൂടുതലും സർവേ പൂർത്തിയായ ശേഷം രേഖകളിൽ തെറ്റുവന്നതുമായി ബന്ധപ്പെട്ടാണ്. എന്നാൽ, ഇത്തവണ സർവേ ഘട്ടത്തിൽ തന്നെ കൈക്കൂലി ആരോപണം ഉയർന്നത് റവന്യു– സർവേ വകുപ്പുകളിലെ ഉന്നതർക്കു തിരിച്ചടിയായി.

English Summary:

One and a half lakh applications to correct the mistake of resurvey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com