എയർ ഇന്ത്യ എക്സ്പ്രസ്: ഇന്നലെ റദ്ദാക്കിയത് 20 വിമാനങ്ങൾ
Mail This Article
ന്യൂഡൽഹി ∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ നാളെയോടെ സാധാരണനിലയിലെത്തുമെന്നു പ്രതീക്ഷ. പ്രതിദിനം ഏകദേശം 380 സർവീസുകൾ നടത്തുന്ന കമ്പനിയുടെ 20 വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. വെള്ളിയാഴ്ച 75 വിമാനങ്ങളും ശനിയാഴ്ച 52 എണ്ണവും മുടങ്ങിയിരുന്നു. ഇന്നലെ ഭൂരിഭാഗം വിമാനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചു.
അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിലേക്ക് എത്തേണ്ട വിമാനങ്ങൾ ഇന്നലെ ഉണ്ടായില്ല. കൊച്ചിയിൽ നിന്നു പുറപ്പെടേണ്ട ദമാം, ബഹ്റൈൻ വിമാനങ്ങളും മുടങ്ങി. ആഭ്യന്തര സെക്ടറിൽ ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസ്, തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ബെംഗളൂരു – തിരുവനന്തപുരം – ബെംഗളൂരു, ഹൈദരാബാദ് – തിരുവനന്തപുരം – ഹൈദരാബാദ് സർവീസും ഇന്നലെ മുടങ്ങി.
കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 8.25നുള്ള ദുബായ് വിമാനവും 8.50നുള്ള ജിദ്ദ വിമാനവും റദ്ദാക്കി. ഇന്നു രാവിലെ 8.25നുള്ള ദുബായ് വിമാനവും റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഒരു വിഭാഗം ജീവനക്കാരുടെ മിന്നൽ സമരത്തെത്തുടർന്നാണു എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രവർത്തനം പ്രതിസന്ധിയിലായത്. രോഗാവധിയെടുത്ത മുഴുവൻ ജീവനക്കാരും തിരികെ ജോലിയിൽ പ്രവേശിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയൻ (എഐഎക്സ്ഇയു) അറിയിച്ചു.