‘ആവേശ’ ഗുണ്ടാപ്പാർട്ടി; കാപ്പ പ്രതികൾ പങ്കെടുത്തോ എന്നു പരിശോധന
Mail This Article
തൃശൂർ ∙ ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാൻ ഗുണ്ടകൾക്കായി സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തവരിൽ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്തപ്പെട്ട കുറ്റവാളികൾ എത്തിയിരുന്നോ എന്നു പൊലീസ് പരിശോധിക്കും.
ഗുണ്ടകൾ ഉൾപ്പെട്ട സമൂഹമാധ്യമ ഗ്രൂപ്പുകൾക്കിടയിൽ പാർട്ടിയുടെ റീലുകൾ വൻതോതിൽ പ്രചരിച്ചതു വിവാദമായതോടെയാണു പൊലീസ് നീക്കം. റീലുകൾ പ്രാഥമിക പരിശോധന നടത്തിയപ്പോൾ കഞ്ചാവു കേസ് പ്രതികളെയടക്കം തിരിച്ചറിഞ്ഞിട്ടുണ്ട്. കാപ്പ ചുമത്തി നാടു കടത്തിയവർ, മറ്റു ജില്ലകളിൽ പൊലീസ് തിരയുന്നവർ തുടങ്ങിയവർ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ കർശന നടപടി വരും.
4 കൊലപാതകക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയത് ആഘോഷിക്കാൻ കോൾപാടത്താണു പാർട്ടി സംഘടിപ്പിച്ചത്. ആവേശം സിനിമയിലെ ‘എടാ മോനേ’ എന്ന സൂപ്പർ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ പാർട്ടിയുടെ ദൃശ്യം റീലുകളായി പ്രചരിപ്പിച്ചതു ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
പൊലീസ് തേടുന്നവർ ആരെങ്കിലും പാർട്ടിയിൽ പങ്കെടുത്തതായോ, പൊതുസ്ഥലത്തു മദ്യപിച്ചതായി തെളിയുകയോ ചെയ്താലേ കേസെടുക്കാൻ കഴിയൂ എന്നതിനാൽ ദൃശ്യങ്ങൾ സ്പെഷൽ ബ്രാഞ്ച് അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്. ഗുണ്ടാത്തലവൻ 4 വർഷത്തെ ജയിൽവാസം കഴിഞ്ഞിറങ്ങിയ ആളായതിനാൽ ജയിലിൽ പരിചയപ്പെട്ട ക്രിമിനലുകളോ കാപ്പ കേസ് കുറ്റവാളികളോ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോ എന്ന തരത്തിലാകും പരിശോധന.
പാർട്ടിയുടെ വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തോടു ഗുണ്ടാത്തലവൻ സംസാരിക്കുന്ന ദൃശ്യം റീലിൽ വന്നതു സേനയിലും ചർച്ചയായി. ഉറ്റബന്ധുവിന്റെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി സുഹൃത്തുക്കൾക്കു ഭക്ഷണം നൽകുകയാണെന്നായിരുന്നു പൊലീസിനോടു ഗുണ്ടാത്തലവന്റെ വാദം. ഇതു വിശ്വസിച്ചു പൊലീസ് മടങ്ങിയെന്നാണു വിവരം.