ADVERTISEMENT

ആലപ്പുഴ∙ സിപിഎം വിഭാഗീയത രൂക്ഷമായ കുട്ടനാട്ടിൽ രാമങ്കരി ഗ്രാമപഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സിപിഎം അംഗങ്ങൾ യുഡിഎഫുമായി ചേർന്ന് അവിശ്വാസത്തിലൂടെ പുറത്താക്കി. പ്രസിഡന്റ് സ്ഥാനം നഷ്ടമായ ആർ.രാജേന്ദ്രകുമാർ പഞ്ചായത്ത് അംഗത്വവും രാജി വച്ചു. 25 വർഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്താണിത്. 

13 അംഗ ഭരണ സമിതിയിൽ 8 പേരാണു രാജേന്ദ്രകുമാറിനെതിരെ വോട്ട് ചെയ്തത്. ഇതിൽ 4 പേർ സിപിഎമ്മും 4 പേർ യുഡിഎഫുമാണ്. 4 സിപിഎം അംഗങ്ങൾ പ്രസിഡന്റിനെ പിന്തുണച്ചു.വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാനെതിരായ അവിശ്വാസം രാജേന്ദ്രകുമാറിനൊപ്പമുള്ളവർ പങ്കെടുക്കാത്തതിനാൽ ഏകപക്ഷീയമായി പാസായി. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതു വരെ വികസന സ്ഥിര സമിതി അധ്യക്ഷനു ചുമതല നൽകും.

അടുത്ത കാലത്തു കുട്ടനാട്ടിൽ പലയിടത്തും പടർന്ന സിപിഎം വിഭാഗീയതയാണു രാമങ്കരിയിൽ ഗുരുതര സ്ഥിതിയിലേക്ക് എത്തിയത്. രാജേന്ദ്ര കുമാർ ഏറെനാളായി സിപിഎം നേതൃത്വത്തിനെതിരായ നിലപാടിലായിരുന്നു. കുട്ടനാട് ഏരിയ കമ്മിറ്റിയുടെ പരിധിയിൽ ഒട്ടേറെപ്പേർ നേരത്തെ സിപിഐയിൽ ചേർന്നിരുന്നു. ഇവർ രാജേന്ദ്രകുമാറിനെ അനുകൂലിക്കുന്നവരാണ്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ ശ്രമിച്ചിട്ടും പ്രശ്ന പരിഹാരമുണ്ടായില്ല. സിപിഎമ്മും സിപിഐയും കുട്ടനാട്ടിൽ ശക്തിപ്രകടനങ്ങളും യോഗങ്ങളും നടത്തുകയും ചെയ്തു. 

സിപിഐ അനുകൂല നിലപാടിലായിരുന്നു രാജേന്ദ്രകുമാറും. എന്നാൽ കൂറുമാറിയാൽ പ്രസിഡന്റ് സ്ഥാനത്ത് അയോഗ്യത വരുമെന്നതിനാൽ അദ്ദേഹവും മറ്റു പഞ്ചായത്തംഗങ്ങളും സിപിഎം വിടുകയോ സിപിഐ അംഗത്വം നേടുകയോ ചെയ്തില്ല. രാമങ്കരിയിലെ അവിശ്വാസ പ്രമേയം പാർട്ടി തീരുമാനമല്ലെന്നാണു സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്. അവിശ്വാസം സംബന്ധിച്ചു പാർട്ടി വിപ്പ് നൽകിയിട്ടില്ല. ഭരണത്തിനു ജനങ്ങൾ എതിരായിരുന്നു. ജനവികാരം മാനിച്ചു പ‍ഞ്ചായത്തംഗങ്ങൾ ഭാരവാഹികളെ താഴെയിറക്കിയതാണ്– സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. 

അതേസമയം, സംഭവത്തെ അപലപിച്ചും സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചും സിപിഐ രംഗത്തെത്തി. എൽഡിഎഫ് രൂപീകരിക്കാൻ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ സിപിഐയുടെ മഹത്തായ പാരമ്പര്യവും ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി എൽ‍ഡിഎഫിനെ തള്ളിപ്പറഞ്ഞു കോൺഗ്രസുമായി കൈകോർത്ത സിപിഎം നേതൃത്വത്തിന്റെ അവസരവാദവും ജനങ്ങൾ വിലയിരുത്തുമെന്നു ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. സിപിഎമ്മിന്റെ പ്രസിഡന്റിനെ പുറത്താക്കിയതിൽ സിപിഐക്ക് എന്താണു പ്രശ്നമെന്നായിരുന്നു ഇതിനോടുള്ള നാസറിന്റെ പ്രതികരണം.

English Summary:

CPM support UDF no-confidence motion and expelled its own president in Ramankary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com