ADVERTISEMENT

തിരുവനന്തപുരം ∙ കിഫ്ബിയുടെ സഹായത്തോടെ ബസ് വാങ്ങുന്ന പദ്ധതി കെഎസ്ആർടിസി ഉപേക്ഷിക്കുന്നു. പകരം, സ്വന്തം നിലയ്ക്കു പണം കണ്ടെത്തി ബസ് വാങ്ങും. 1100 ബസുകളെങ്കിലും ഉടൻ വേണം. 814 കോടി രൂപ കിഫ്ബി വായ്പയിൽ 550 ഇലക്ട്രിക് ബസുകളും 520 ഡീസൽ ബസുകളും വാങ്ങാനായിരുന്നു നീക്കം. തിരുവനന്തപുരത്തേക്ക് 50 ഇലക്ട്രിക് ബസുകൾ വാങ്ങിയപ്പോൾ തന്നെ പദ്ധതി നിലച്ചു. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ മൊത്തം കടപരിധിയിൽ വരുമെന്നതും വായ്പയ്ക്കു പ്രധാന തടസ്സമായി. 

15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രതീരുമാനം 1000 കെഎസ്ആർടിസി ബസുകളെ ബാധിച്ചിരുന്നു. പിന്നീട് കേന്ദ്രാനുമതിയോടെ നേടിയ ഒരു വർഷത്തെ ഇളവ് ഒക്ടോബറിൽ അവസാനിക്കും. കാലാവധി പിന്നിട്ട 2000 ബസുകളാണ് ഇപ്പോഴുള്ളത്. കഷ്ടിച്ച് 4200 ബസുകളാണു സർവീസിനുള്ളത്. സർക്കാർ അനുവദിച്ച പ്ലാൻഫണ്ടായ 90 കോടി രൂപയ്ക്കു പരമാവധി ബസുകൾ വാങ്ങും. ബാങ്കുകളുടെ കൺസോർഷ്യം വഴിയെടുത്ത 3100 കോടിയിൽ 250 കോടിയോളം അടച്ചതിനാൽ ഈ തുക വീണ്ടും വായ്പയെടുക്കാനാകും. കെടിഡിഎഫ്സിയുടെ കടവും അടച്ചുതീർത്തിരുന്നു. 

നീളം പൊല്ലാപ്പായി 

പ്ലാൻ ഫണ്ടുപയോഗിച്ച് നീളം കൂടിയ സൂപ്പർഫാസ്റ്റുകൾ വാങ്ങാൻ അശോക് ലെയ്‌ലാൻഡിനു നൽകിയ ഓർഡർ റദ്ദാക്കും. 13 മീറ്റർ നീളമുള്ള 600 ബസുകളായിരുന്നു ഓർഡർ നൽകിയിരുന്നത്.  131 എണ്ണം കഴിഞ്ഞവർഷം വാങ്ങി. ബസുകളുടെ നീളക്കൂടുതൽ അപകടം വർധിപ്പിച്ചു; ടൗൺയാത്രയും ബുദ്ധിമുട്ടായി. പുതിയ 42 സീറ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസുകൾ ഇന്നലെ പരീക്ഷണ ഓട്ടം നടത്തി.

കെഎസ്ആർടിസി ഡിപ്പോകളിൽ സൂപ്പർമാർക്കറ്റും മരുന്നുകടയും

തിരുവനന്തപുരം∙ കെഎസ്ആർടിസി എല്ലാ ജില്ലകളിലും പ്രധാന ഡിപ്പോകളിൽ മിനി സൂപ്പർമാർക്കറ്റുകളും ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും നടത്താൻ കരാർ ക്ഷണിക്കും. 

 കേരളത്തിലെ പ്രധാന സൂപ്പർമാർക്കറ്റ് ഗ്രൂപ്പുകളെയെല്ലാം ക്ഷണിക്കുന്നുണ്ട്. ഡിപ്പോകളിൽ സ്ഥലവും മറ്റു സൗകര്യങ്ങളും നൽകും. കെഎസ്ആർടിസിക്കു ദിവസം ശരാശരി 25 ലക്ഷത്തോളം യാത്രക്കാരുണ്ട്. ഡിപ്പോയിൽ എത്തുന്നവർ 10 ലക്ഷത്തിലധികം. അതുകൊണ്ടുതന്നെ സൂപ്പർമാർക്കറ്റുകൾ വിജയമാകുമെന്നാണു കണക്കുകൂട്ടൽ. വാടകവരുമാനമായി മാസം 30 കോടി രൂപ കണ്ടെത്താനാണു ശ്രമം. ഹോട്ടലുകൾ നടത്തി പരിചയമുള്ള ഗ്രൂപ്പുകളെ മാത്രം ക്ഷണിക്കും. ആദ്യഘട്ടത്തിൽ 14 സ്റ്റേഷനുകളിലാണ് കെഎസ്ആർടിസി ഇത്തരത്തിൽ റസ്റ്ററൻറുകളും മിനി സൂപ്പർമാർക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. 

ആദ്യം തുടങ്ങുന്ന ഡിപ്പോകൾ

അടൂർ, കാട്ടാക്കട, പാപ്പനംകോട്, പെരുമ്പാവൂർ, എടപ്പാൾ, ചാലക്കുടി, നെയ്യാറ്റിൻകര, നെടുമങ്ങാട്, ചാത്തന്നൂർ, അങ്കമാലി, ആറ്റിങ്ങൽ, മൂവാറ്റുപുഴ, കായംകുളം, തൃശൂർ.

English Summary:

No KIIFB fund KSRTC will purchase the bus on its own

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com