ADVERTISEMENT

തിരുവനന്തപുരം ∙ സർവകലാശാലാ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള സേർച് കമ്മിറ്റി രൂപീകരണം പ്രതിസന്ധിയിലായെന്നു ഗവർണർ ഹൈക്കോടതിയെ അറിയിക്കും. സർവകലാശാലകൾക്കു സ്ഥിരം വി.സിമാരെ നിയമിക്കാത്തതിൽ കോടതിയും വിമർശനമുന്നയിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ നിസ്സഹകരണം കോടതിയെ അറിയിക്കാനുള്ള ഗവർണറുടെ നീക്കം. കോടതി നിർദേശിച്ചാൽ സർക്കാരും സർവകലാശാലാ ഭരണസമിതികളും വഴങ്ങുമെന്നാണു ഗവർണറുടെ കണക്കുകൂട്ടൽ. 

പുറത്താക്കപ്പെട്ട വി.സിമാർക്കു പകരം നിയമനം നടത്താനുള്ള ഗവർണറുടെ ശ്രമത്തെ രാഷ്ട്രീയകാരണങ്ങളാൽ സർക്കാർ എതിർക്കുകയാണ്. മൂന്നംഗ സേർച് കമ്മിറ്റിയിൽ ഒരാൾ സർവകലാശാലയുടെ പ്രതിനിധിയാകണമെന്നുണ്ട്. എന്നാൽ, പ്രതിനിധിയെ നൽകാൻ സർക്കാർ തയാറല്ല. ചാൻസലർ എന്ന നിലയിൽ 8 സർവകലാശാലകൾക്കു ഗവർണർ ഫെബ്രുവരിയിൽ നോട്ടിസ് നൽകിയിരുന്നു.

കേരള, എംജി, കണ്ണൂർ, കാർഷിക സർവകലാശാലകളിൽ സെനറ്റും കുസാറ്റ്, മലയാളം, സാങ്കേതിക, ഫിഷറീസ് സർവകലാശാലകളിൽ സിൻഡിക്കറ്റുമാണു നോമിനിയെ തീരുമാനിക്കേണ്ടത്. ഒരു മാസത്തെ സമയം നൽകിയ ഗവർണർ, അതിനകം പേരു നൽകിയില്ലെങ്കിൽ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിക്കുമെന്നു മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ആരും നോമിനിയെ നിർദേശിച്ചില്ല. കേരള ഉൾപ്പെടെ ചില സർവകലാശാലകളിൽ ഇതിനായി യോഗം ചേർന്നെങ്കിലും അലസിപ്പിരിഞ്ഞു. 

സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരണവുമായി മുന്നോട്ടുപോകാമെന്നായിരുന്നു ഗവർണർക്കു ലഭിച്ച നിയമോപദേശം. എന്നാൽ, കമ്മിറ്റി രൂപീകരണത്തിൽ ഏതെങ്കിലും തരത്തിൽ സാങ്കേതികപ്പിഴവുണ്ടായാൽ അതു വീണ്ടും നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്ന സംശയവും നിയമോപദേഷ്ടാക്കൾ ഗവർണറെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ കോടതി വഴിയാകട്ടെ എന്നു ഗവർണർ നിശ്ചയിച്ചത്. നാളെ ഡൽഹിക്കു തിരിക്കുന്ന അദ്ദേഹം 27നു മടങ്ങിയെത്തിയശേഷം ഇതിനുള്ള നടപടികൾ തുടങ്ങും. 

ഗവർണർക്ക് രണ്ടാം തിരിച്ചടി

തിരുവനന്തപുരം ∙ കേരള സർവകലാശാലാ സെനറ്റ് നാമനിർദേശത്തിനെതിരായ വിധി ഹൈക്കോടതിയിൽനിന്നു രണ്ടുമാസത്തിനിടെ ഗവർണർക്കു ലഭിക്കുന്ന രണ്ടാം തിരിച്ചടിയാണ്. കാലിക്കറ്റ് വിസി ഡോ.എം.കെ.ജയരാജിനെ പുറത്താക്കിയ നടപടി മാർച്ചിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ, 2 കോടതിവിധിയും പന്ത് ഗവർണറുടെ കോർട്ടിലെത്തിക്കുന്നതാണ്. അക്കാദമിക യോഗ്യതയില്ലെന്നതിന്റെ പേരിലാണ് 4 സെനറ്റംഗങ്ങളുടെ നാമനിർദേശം റദ്ദാക്കിയത്.

പകരം പുതിയ 4 പേരുകൾ നിർദേശിച്ചാൽ മതിയാകും. കോടതിയുത്തരവിലൂടെ സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട കാലിക്കറ്റ് വിസിയുടെ കാലാവധി ജൂലൈയിൽ അവസാനിക്കുകയാണ്. ഇവിടെ പുതിയ നിയമനം നടത്താനുള്ള ചുമതലയും ഗവർണർക്കാണ്. അതിനാൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള തീരുമാനം ഗവർണർ വേണ്ടെന്നുവച്ചു. 

English Summary:

Search Committee: Governor to report non-cooperation of government to court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com