ADVERTISEMENT

കോഴിക്കോട് ∙ നഗരമധ്യത്തിൽ ബസ് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച് ഇറങ്ങിയോടിയ സ്ത്രീയെ സഹയാത്രക്കാരി ഒറ്റയ്ക്ക് അരക്കിലോമീറ്ററോളം ഓടിച്ചിട്ടു പിടിച്ച് പൊലീസിനെ ഏൽപിച്ചു. എരഞ്ഞിപ്പാലം ജംക്‌ഷനിൽ ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണു സംഭവം. മറ്റു യാത്രക്കാർ നോക്കിനിൽക്കെയാണ് മുൻകായികതാരം കൂടിയായ തലക്കുളത്തൂർ എടക്കര സ്വദേശിനി താഴയൂരിങ്കൽ മിധു ശ്രീജിത്ത് (34) കവർച്ചക്കാരിയെ കീഴ്പ്പെടുത്തിയത്.

പിടിയിലായ തമിഴ്നാട് മധുര മാരിയമ്മൻ കോവിൽ സ്വദേശിനി മാരിയമ്മയെ (45) കോടതി റിമാൻഡ് ചെയ്തു. 

എരഞ്ഞിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ മിധു രാവിലെ ജോലിക്കായി ബസിറങ്ങിയതായിരുന്നു. മറ്റു യാത്രക്കാർ ഇറങ്ങുന്നതിനിടെ, ബസിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശിനി ജലജ മാല നഷ്ടപ്പെട്ടതായി ബഹളം വച്ചു. അതോടെ, ആരും പോകരുതെന്നു കണ്ടക്ടർ ആവശ്യപ്പെട്ടു.

ബസിറങ്ങി ആൾക്കൂട്ടത്തിൽ നിൽക്കുകയായിരുന്ന മാരിയമ്മ ആ സമയത്തു ബസിനകത്തേക്കു തിരികെക്കയറി മാല താഴെയിട്ടു. അതു കണ്ടവർ ഒച്ചവച്ചതോടെ മാരിയമ്മ പിൻവാതിലിലൂടെ ഇറങ്ങി ഓടി. ഉടൻ മിധുവും പിന്നാലെ ഓടുകയായിരുന്നു. എരഞ്ഞിപ്പാലം ജംക്‌ഷനിലെത്തിയ മാരിയമ്മ അതുവഴി വന്ന ഓട്ടോയിലും ബസിലും കയറാൻ നോക്കിയെങ്കിലും മോഷ്ടാവാണെന്നു മിധു ഉറക്കെ വിളിച്ചു പറഞ്ഞു. 

അതോടെ എരഞ്ഞിപ്പാലം ജംക്‌ഷനിൽ നിന്നു മാരിയമ്മ കാരപ്പറമ്പ് ഭാഗത്തേക്ക് ഓടി. 400 മീറ്ററോളം പിന്നാലെ ഓടിയ മിധു ഒടുവിൽ ബലപ്രയോഗത്തിലൂടെ മാരിയമ്മയെ കീഴ്പ്പെടുത്തി. ഇതിനിടയിൽ മാരിയമ്മയുടെ ചുരിദാർ കീറിയെങ്കിലും നഗ്നത പുറത്തുകാണാതിരിക്കാൻ മിധു അവരെ പൊതിഞ്ഞുപിടിക്കുകയായിരുന്നു. ജംക്‌ഷനിലെ ട്രാഫിക് പൊലീസുകാരനും അതുവഴി വന്ന ഓട്ടോ തൊഴിലാളികളും മോഷ്ടാവിനെ തടഞ്ഞുവയ്ക്കാൻ സഹായിച്ചു. 

English Summary:

Woman chased and caught woman who theft necklace of bus passenger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com