പ്രതിബന്ധങ്ങളേറെ: എങ്ങുമെത്താതെ കോവളം–ബേക്കൽ ജലപാത പദ്ധതി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കോവളം–ബേക്കൽ ജലപാത പദ്ധതി പൂർത്തിയാക്കാൻ പ്രതിബന്ധങ്ങൾ ഏറെ. പദ്ധതി 2025ൽ പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കിഫ്ബി വഴി 6500 കോടി രൂപ ചെലവിലാണു കനാലുകൾ നവീകരിച്ചും വീതി കൂട്ടിയും 40 മീറ്റർ വീതിയും 2.20 മീറ്റർ ആഴവുമുള്ള ജലപാത നിർമിക്കുക.
620 കിമീ ദൈർഘ്യമുള്ള ജലപാതയിൽ കോവളം മുതൽ കൊല്ലം വരെയും കോട്ടപ്പുറം മുതൽ ബേക്കൽ വരെയുമാണു സംസ്ഥാന സർക്കാർ നിർമാണം പൂർത്തിയാക്കേണ്ട ഭാഗം. ദേശീയ ജലപാത 3ന്റെ ഭാഗമായ കൊല്ലം–കോട്ടപ്പുറം പാത (168 കിമീ) കോട്ടപ്പുറത്തു നിന്നു കല്ലായി വരെ (160 കിമീ) ദീർഘിപ്പിക്കേണ്ട പണികൾ ചെയ്യേണ്ടത് ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിയാണ്. ഇതിന്റെ ഡിപിആർ തയാറാണെങ്കിലും കേന്ദ്രാനുമതി ലഭിച്ച പദ്ധതികളുടെ ആദ്യ പട്ടികയിൽ ഇടം നേടിയിട്ടില്ല.
അടുത്ത ഘട്ടത്തിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു അതോറിറ്റി അധികൃതർ പറയുന്നു. ചരക്കു നീക്ക സാധ്യത കുറവായതിനാലാണ് അനുമതി ലഭിക്കാഞ്ഞത്. തിരുവനന്തപുരം ജില്ലയിൽ കോവളം മുതൽ ആക്കുളം വരെ പാർവതി പുത്തനാർ വികസിപ്പിക്കുന്നതിനു മുന്നോടിയായി പുനരധിവാസ സർവേ മാത്രമാണു കഴിഞ്ഞത്. ആക്കുളം–കഠിനംകുളം മേഖലയിലാണു പ്രവൃത്തികൾ പുരോഗമിക്കുന്നത്. വർക്കല തുരങ്കത്തിനു സമീപത്തെ പണികൾ അടുത്താഴ്ച ആരംഭിക്കും.
മലബാർ മേഖലയിലും ഒട്ടേറെ സ്ഥലങ്ങളിൽ ഭൂമിയേറ്റെടുക്കാൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിലും തുടർനടപടികൾ ഇഴയുന്നു. കണ്ണൂരിൽ മാഹിക്കും വളപട്ടണത്തിനും ഇടയിലും (26 കിമീ) കാസർകോട് നീലേശ്വരത്തിനും ബേക്കലിനുമിടയിലും (6.5 കിമീ) കൃത്രിമ കനാലുകൾ നിർമിച്ചു വേണം പാത യാഥാർഥ്യമാക്കാൻ.