ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോഴിക്കോട് ∙ മഴക്കാല രോഗങ്ങൾ പരക്കുന്നതിന്റെ മറവിൽ, പരിസര ശുചീകരണത്തിനുള്ള ബ്ലീച്ചിങ് പൗഡർ വീണ്ടും അമിത വിലയ്ക്കു സംഭരിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) ഒരുങ്ങുന്നു. കഴിഞ്ഞ വർഷം കിലോയ്ക്ക് 47.20 രൂപ നിരക്കിൽ സംഭരിച്ച ബ്ലീച്ചിങ് പൗഡർ ഇത്തവണ 67.40 രൂപയ്ക്കു വാങ്ങാനാണ് ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെഎസ്ഡിപിഎൽ) ഓർഡർ നൽകുന്നത്.

കെഎസ്ഡിപിഎൽ പൊതുമേഖലാ സ്ഥാപനമാണെങ്കിലും അവർക്കു ബ്ലീച്ചിങ് പൗഡർ ഉൽപാദനമോ റീപായ്ക്കിങ് – വിതരണ ലൈസൻസുകളോ ഇല്ലെന്നിരിക്കെ, സ്വകാര്യ കമ്പനിയിൽ നിന്നു വൻവിലയ്ക്കു വാങ്ങാനാണു നീക്കമെന്നു വ്യക്തം. ആകെ ആവശ്യമുള്ളതിന്റെ 40% ഓർഡറാണ് ആദ്യഘട്ടമെന്ന നിലയിൽ കെഎസ്ഡിപിഎലിനു നൽകുന്നത്. ടെൻ‍ഡർ ക്ഷണിച്ചിരുന്നെങ്കിൽ കിലോയ്ക്ക് 43–45 രൂപ നിരക്കിൽ ലഭിക്കുമായിരുന്ന ബ്ലീച്ചിങ് പൗഡറാണ് 67.40 രൂപയ്ക്കു വാങ്ങുന്നത്.

40% സംഭരണത്തിൽത്തന്നെ കോർപറേഷൻ‌ ഏതാണ്ട് 1.13 കോടി രൂപ അധികം നൽകേണ്ടി വരും. മുഴുവനും വാങ്ങിയാൽ അധികച്ചെലവ് 2.82 കോടി രൂപയാകും. കെഎസ്ഡിപിഎലിനെ ഇടനിലക്കാരാക്കി ഈ തുക ചെന്നെത്തുന്നതു സ്വകാര്യ കമ്പനികളിലേക്കായിരിക്കും എന്നാണു കോർപറേഷനുള്ളിൽ നിന്നു തന്നെ ഉയരുന്ന ആരോപണം. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ മുൻ വർഷത്തേക്കാൾ‌ 20% അധികവില നൽകിയാൽ പോലും 56.64 രൂപയ്ക്ക് ബ്ലീച്ചിങ് പൗഡർ ലഭിക്കേണ്ടതാണെന്നും ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കൊല്ലം വാങ്ങിയത് കട്ടയായി

കഴിഞ്ഞ വർഷം ഏറെ വിവാദമുയർത്തിയതാണു കെഎംഎസ്‌സിഎലിന്റെ ബ്ലീച്ചിങ് പൗഡർ സംഭരണം. ഉയർന്ന വിലയ്ക്കു ബങ്കെ ബിഹാറി എന്ന കമ്പനിയിൽ നിന്ന് അമിതമായി വാങ്ങിക്കൂട്ടിയ ബ്ലീച്ചിങ് പൗഡർ കൂട്ടിയിട്ട് മൂന്നു ജില്ലകളിൽ വെയർഹൗസ് ഗോഡൗണുകൾക്കു തീപിടിച്ചു. തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ബങ്കെ ബിഹാറി കമ്പനി വിസമ്മതിച്ചു. രാസപരിശോധന കഴിഞ്ഞ് ബ്ലീച്ചിങ് പൗഡറിന് കുഴപ്പമൊന്നും ഇല്ലെന്ന റിപ്പോർട്ട് കിട്ടുമ്പോഴേക്കും പായ്ക്കറ്റുകൾ കട്ടയായിക്കഴിഞ്ഞിരുന്നു. പല വെയർഹൗസുകളിലും ഇത് ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുകയാണ്.

∙ ‘ബ്ലീച്ചിങ് പൗഡർ ആവശ്യപ്പെട്ട് കെഎംഎസ്‌സിഎൽ അധികൃതർ ബന്ധപ്പെട്ടിരുന്നു. കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് ഉൽപാദനം ഇല്ല. പുറത്തു നിന്നു വാങ്ങി നൽകണം. ഓർഡർ കിട്ടിയിട്ടു വേണം അതിനായി ക്വട്ടേഷൻ വിളിക്കാൻ. വില എത്രയാകുമെന്ന് ഇപ്പോൾ അറിയില്ല.’ – ഇ.എ.സുബ്രഹ്മണ്യൻ (മാനേജിങ് ഡയറക്ടർ, കെഎസ്ഡിപിഎൽ)

English Summary:

Bulk order to unlicensed firm for manufacturing or distribution of bleaching powder

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com