ADVERTISEMENT

തിരുവനന്തപുരം∙ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ നീക്കത്തെ തമിഴ്നാട് സർക്കാരും അവിടത്തെ സിപിഎമ്മും ശക്തമായി എതിർക്കുകയാണെങ്കിലും കേരളം ആ ആവശ്യത്തിൽ ഉറച്ചു നിൽക്കും. പ്രശ്ന പരിഹാരത്തിന് പുതിയ അണക്കെട്ട് എന്നതാണ് കേരളത്തിൽ പാർട്ടിയുടെയും എൽഡിഎഫിന്റെയും നയം. തമിഴ്നാടിനെ കൂടി വിശ്വാസത്തിലെടുത്ത് അതു നടപ്പാക്കാൻ ശ്രമിക്കണമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം.

പുതിയ അണക്കെട്ടിനുള്ള കേരള നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കഴിഞ്ഞ ദിവസം കേന്ദ്രത്തെ സമീപിച്ചിരുന്നു. കേരളത്തിന്റെ നടപടികൾ കോടതിയലക്ഷ്യമാണെന്നും പിന്മാറണമെന്നും തമിഴ്നാട് സിപിഎമ്മും ആവശ്യപ്പെട്ടു. തമിഴ്നാട് ഘടകത്തിന് ആ സംസ്ഥാനത്തിന്റെ വികാരം പ്രകടിപ്പിക്കാമെങ്കിലും ‘തമിഴ്നാടിനു വെള്ളം, കേരളത്തിനു സുരക്ഷ’ എന്നതു യാഥാർഥ്യമാക്കാൻ  പുതിയ അണക്കെട്ടാണ് പോംവഴിയെന്നു കേരള സിപിഎം കരുതുന്നു. പുതിയ അണക്കെട്ടിനായി പാരിസ്ഥിതിക അനുമതിക്കു കേരളം നീക്കം തുടങ്ങിയതാണ് സ്റ്റാലിനെ ഒടുവിൽ ചൊടിപ്പിച്ചത്. 

പുതിയ അണക്കെട്ട് എന്ന ആവശ്യം ഉന്നയിച്ച് കേരള നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നാൽ രണ്ടു സംസ്ഥാനങ്ങളും ഒരുമിച്ചു നിന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചും വേണം  നിർമിക്കാനെന്നാണ് പ്രമേയം അഭിപ്രായപ്പെടുന്നത്. കേരളത്തിനു തനിച്ചു പുതിയ അണക്കെട്ട് നിർമിക്കാൻ കഴിയില്ലെന്നു മുഖ്യമന്ത്രിയും  കരുതുന്നു. അതുകൊണ്ടു തന്നെ സർക്കാർ–രാഷ്ട്രീയ തലത്തിൽ അഭിപ്രായ ഐക്യത്തിന്  ശ്രമം മുഖ്യമന്ത്രി നടത്തിയേക്കും. 

അണക്കെട്ടിന് ബലക്ഷയമില്ലെന്ന വിദഗ്ധസമിതി റിപ്പോർട്ട് കണക്കിലെടുക്കണമെന്ന് 2016 ൽ മുഖ്യമന്ത്രിയായ സമയത്ത് പിണറായി അഭിപ്രായപ്പെട്ടത് വിവാദം സൃഷ്ടിച്ചതാണ്. തമിഴ്നാടിന്റെ വാദങ്ങളെ സാധൂകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന  വിമർശനം ഉയർന്നപ്പോൾ  കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ  കാണണമെന്ന് മറുപടി നൽകുകയാണ് പിണറായി ചെയ്തത്. ഇപ്പോൾ സ്റ്റാലിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളും  മുഖ്യമന്ത്രിയുടെ ഓഫിസാണ് ആലോചിക്കുന്നത്. 

മുല്ലപ്പെരിയാർ തർക്കം നേരത്തേ കൊടുമ്പിരിക്കൊണ്ടപ്പോഴാണ് പുതിയ അണക്കെട്ട് എന്ന ആവശ്യത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യമായി പിന്തുണച്ചത്. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി അതിനെ പിന്തുണച്ച് ‘ദേശാഭിമാനി’യിൽ എഴുതി. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം ആ ആവശ്യം ഉന്നയിച്ചു പ്രമേയവും പാസാക്കി. എന്നാൽ തമിഴ്നാട്– കേരള ഘടകങ്ങൾ രണ്ടുതട്ടിലായതു കൊണ്ടു തന്നെ കേരളത്തിന്റെ ഈ ആവശ്യത്തെ പാർട്ടി പൊളിറ്റ്ബ്യൂറോ അംഗീകരിച്ചിട്ടില്ല. രണ്ടു സംസ്ഥാനങ്ങളും രമ്യമായി പ്രശ്നം പരിഹരിക്കണമെന്നാണ്  പിബി നിലപാട്. 

സംസ്ഥാന ഘടകത്തിന്റെയും കേരളത്തിന്റെയും വികാരം പിബിയുടെ അന്നത്തെ പ്രസ്താവനയിൽ ഇല്ലാത്തതിന്റെ പേരിൽ  കേന്ദ്ര നേതൃത്വത്തോട് വി.എസ്.അച്യുതാനന്ദൻ  ഇടഞ്ഞ ചരിത്രവുമുണ്ട്.

English Summary:

Construction of New Dam in Mullaperiyar: A Joint Effort by CPM and the Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com