സർക്കാരിന്റെ പ്രചാരണം; ഉന്നതന്റെ മകൻ പിആർഡിയുടെ മറ്റു പാനലിലും
Mail This Article
ആലപ്പുഴ ∙ സർക്കാരിനായി ക്രിയേറ്റിവുകൾ (പ്രചാരണോപാധികളും പരസ്യങ്ങളും) നിർമിക്കാൻ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് (പിആർഡി) തയാറാക്കിയ പാനലിലും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശക സംഘത്തിലെ ഉന്നതന്റെ മകന്റെ കമ്പനി ഉൾപ്പെട്ടു. ദൃശ്യ, ശ്രവ്യ, അച്ചടി മാധ്യമങ്ങൾക്കായി ക്രിയേറ്റിവുകൾ നിർമിക്കാനുള്ള പാനലാണിത്. ഔട്ഡോർ പബ്ലിസിറ്റിക്കുള്ള പാനലിലും ഈ കമ്പനിയുണ്ട്. അച്ചടി സ്ഥാപനമായി റജിസ്റ്റർ ചെയ്ത കമ്പനിയുടെ പേരിൽ അഡ്വർടൈസേഴ്സ് എന്നുകൂടി ചേർത്താണു പാനലിൽ ഉൾപ്പെടുത്തിയത്.
ഈ കമ്പനിയെ ഉൾപ്പെടുത്താൻ നീക്കം നടത്തിയതു പിആർഡിയിലെ ക്രമക്കേടുകളുടെ പേരിൽ ആരോപണം നേരിടുന്ന ഡപ്യൂട്ടി ഡയറക്ടറും മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിക്കുന്ന പിആർഡി ഉദ്യോഗസ്ഥനുമാണെന്നാണു വിവരം. പിആർഡിയിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ ഭാര്യ പങ്കാളിയായ സ്ഥാപനവും 2 വിഭാഗങ്ങളിലായി ഇതേ പാനലിലുണ്ട്. ഈ സ്ഥാപനങ്ങളെ ഉൾപ്പെടുത്താൻ മാനദണ്ഡങ്ങളിൽ വെള്ളം ചേർത്തതായി ആരോപണം ഉയർന്നു.
പാനലിലുള്ള സ്ഥാപനങ്ങളിൽ ഏതിനെയാണ് ഓരോ ജോലിയും ഏൽപിക്കേണ്ടതെന്നു നിശ്ചയിക്കാൻ പിആർഡി സമിതിയെ നിയോഗിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ നിയന്ത്രണം വിവാദത്തിൽപെട്ട ഡപ്യൂട്ടി ഡയറക്ടർക്കാണെന്നാണു വകുപ്പിൽനിന്നുള്ള വിവരം. പിആർഡിയിൽ സർവസജ്ജമായ ഓഡിയോ, വിഷ്വൽ, പ്രോഗ്രാം പ്രൊഡക്‌ഷൻ വിഭാഗവും എഡിറ്റ് സ്യൂട്ടുമൊക്കെ ഉള്ളപ്പോഴാണ് ജോലികൾ പുറത്തു ചെയ്യിക്കുന്നത്.
വിവാദ കരാറുകളുടെ ബിൽ; സർക്കാർ വിശദാംശം തേടി
ആലപ്പുഴ ∙പിആർഡിയുമായി ബന്ധപ്പെട്ട് സംശയനിഴലിലായ കരാറുകളുടെ ബില്ലിന്റെ വിശദാംശങ്ങൾ സർക്കാരിലെ ഉന്നതൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു വിവരം. അമിത തുകകൾ സംബന്ധിച്ച വിവരങ്ങൾ വകുപ്പിന്റെ ഉന്നതങ്ങളിൽനിന്നു മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചിട്ടുമുണ്ട്. പ്രധാന സർക്കാർ പരിപാടികളുടെ ലൈവ് സ്ട്രീമിങ്ങും മറ്റും നടത്തിയതിനു വളരെ ഉയർന്ന തുകയുടെ ബില്ലുകളാണു സ്വകാര്യ ഏജൻസികൾ നൽകിയത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പ്രധാനിയുടെ മകനും ചില പിആർഡി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുമൊക്കെ ബന്ധമുള്ള സ്ഥാപനങ്ങളാണ് ഇത്തരം ദൃശ്യ, അച്ചടി കരാറുകൾ നേടിയത്. ലൈവ് സ്ട്രീമിങ് പിആർഡി നേരിട്ടു ചെയ്താൽ ഇതിന്റെ പകുതി പോലും ചെലവില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു.