ADVERTISEMENT

ന്യൂഡൽഹി ∙ ഇല്ലാത്ത ചെലവുകളുടെ പേരിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) 103 കോടി രൂപയുടെ കള്ളക്കണക്ക് കാണിച്ചെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സിഎംആർഎൽ ഹർജി നൽകിയതിനെത്തുടർന്നാണു കോടതി തൽസ്ഥിതി റിപ്പോർട്ട് തേടിയത്.

2012–13 മുതൽ 2018–19 വരെ മാലിന്യം നീക്കൽ, ഗതാഗതച്ചെലവ് എന്നീ ഇനങ്ങളിലാണ് സിഎംആർഎൽ 103 കോടിയുടെ കള്ളക്കണക്ക് കാണിച്ചത്. ഈ ഫണ്ട് യഥാർഥത്തിൽ എന്തിന് ഉപയോഗിച്ചെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആർഒസി കോടതിയെ അറിയിച്ചു. സിഎംആർഎലുമായി ബന്ധപ്പെട്ട് കേന്ദ്രം നടത്തുന്ന അന്വേഷണം വസ്തുതാപരിശോധനയാണു ലക്ഷ്യമിടുന്നത്. അതുകൊണ്ട് ഹർജിക്കാരന് കോടതിയിൽനിന്ന് ഇടപെടൽ തേടാവുന്ന ഘട്ടമല്ല ഇതെന്നും ആർഒസി ചൂണ്ടിക്കാട്ടി. 

ഈ അന്വേഷണം അന്തിമതീർപ്പിനുള്ളതല്ല, പകരം വിഷയത്തിൽ പ്രോസിക്യൂഷൻ നടപടി വേണോ എന്നതിൽ കേന്ദ്രസർക്കാരിനു തീരുമാനമെടുക്കാനുള്ള പ്രാഥമിക നടപടി മാത്രമാണ്. അതുകൊണ്ട് സിഎംആർഎലിന്റെ ഹർജി തള്ളണമെന്നും ആർഒസി ആവശ്യപ്പെട്ടു. കമ്പനികാര്യ മന്ത്രാലയം, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്‌എഫ്‌ഐഒ) എന്നിവയെയാണ് കേന്ദ്രം അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.

സിഎംആർഎലിൽ ഓഹരിയുള്ള കെഎസ്ഐഡിസിയുടെ (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ) വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. 

നൽകാത്ത സേവനത്തിന് സിഎംആർഎൽ 3 വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കും വീണയുടെ എക്സാലോജിക് കമ്പനിക്കും 1.72 കോടി രൂപ നൽകിയെന്നു കണ്ടെത്തിയത് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ചാണ്. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണിതെന്നും ബെഞ്ച് തീർപ്പു കൽപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതികളെത്തിയതും കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചതും.

English Summary:

CMRL: Showed false figures for non-existent expenses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com