ADVERTISEMENT

വെഞ്ഞാറമൂട് (തിരുവനന്തപുരം) ∙ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒന്നര വർഷത്തിനു ശേഷം മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ ഗണപതിപുരം അമ്പാടിയിൽ പ്രസന്ന(65)യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മകൻ സന്തോഷിന്റെ പരാതിയെ തുടർന്നാണ്  ക്രൈംബ്രാഞ്ച് അന്വേഷണം.

നെടുമങ്ങാട് തഹസിൽദാർ സജീവ് കുമാർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നാസറുദ്ദീൻ, ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥ ഡോ. സ്മിത എന്നിവർ ഇന്നലെ വലിയകട്ടയ്ക്കാൽ ഗണപതിപുരത്ത് പ്രസന്നയുടെ കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്തു സാംപിൾ ശേഖരിച്ചു.

ചിറയിൻകീഴിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് 2022 ഓഗസ്റ്റ് 30ന്  പോയ പ്രസന്നയെ അടുത്ത ദിവസം റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസിന്റെ തിടുക്കം അസ്വാഭാവികത നിറഞ്ഞതായിരുന്നുവെന്നും അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നും ബന്ധുക്കൾ പരാതി നൽകിയത്. ഫലമുണ്ടാകാതെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു.

കോടതി നിർദേശത്തെ തുടർന്ന് ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. എന്നാൽ കേസിനെ സംബന്ധിച്ച് ഹൈക്കോടതി ഉത്തരവോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് പൊലീസിൽ നിന്നു ലഭിച്ചതെന്ന് സന്തോഷ് പറയുന്നു. ഇതോടെ കുടുംബാംഗങ്ങൾ വീണ്ടും ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടത്.

English Summary:

Housewife's death after being hit by a train: Post-mortem again after a year and a half

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com