ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപി കേരള ഘടകത്തിനു ഭാവിയിലേക്കുള്ള രക്ഷാ പാക്കേജ് കൂടി ലക്ഷ്യം വച്ചാണ് ദേശീയ നേതൃത്വം സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും കേന്ദ്രമന്ത്രി പദത്തിലേക്കു കൊണ്ടുവരുന്നത്. കേരളത്തിൽ സുരേഷ് ഗോപിയിലൂടെ പാർട്ടിക്ക് ആദ്യ പാർലമെന്റ് അംഗം ഉണ്ടായത് രാഷ്ട്രീയ അവസരമായി കാണണമെന്ന നിലപാടാണ് ബിജെപി നേതൃത്വത്തിന്. പാർട്ടിയുടെ കേരളത്തിലെ നീക്കങ്ങൾ സുരേഷ് ഗോപിയിലൂടെ രൂപം നൽകാനാവും ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ. സംഘടനാ പ്രോട്ടോക്കോളിന്റെ തടസ്സമില്ലാത്ത സുരേഷ് ഗോപിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പവും പാർട്ടിക്കു പ്രയോജനകരമാകും. 

മുന്നണിക്കും പാർട്ടിക്കും തടസ്സമായിരുന്ന ചില അതിരുകൾ മറികടക്കാൻ സുരേഷ് ഗോപിക്കു കഴിഞ്ഞെന്നും തൃശൂരിൽ വിജയമുറപ്പിക്കാൻ അതു മുഖ്യഘടകമായെന്നും നേതൃത്വം വിലയിരുത്തുന്നു. ചില കേന്ദ്രങ്ങളിലെ സ്വീകാര്യതക്കുറവ് മറികടക്കാൻ സുരേഷ് ഗോപിക്കു കഴിയുമെന്നു പാർട്ടി കരുതുന്നു. രാജ്യസഭാംഗമാക്കിയാൽ പിന്നീടു വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കുക എന്ന രീതിയാണ് ബിജെപി ദേശീയ നേതൃത്വം നേതാക്കളോടു നിർദേശിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തിൽ ആദ്യമായി ലക്ഷ്യം നേടിയതും സുരേഷ് ഗോപിയാണ്. 

സംസ്ഥാനത്തു മുന്നണിക്ക് ലഭിച്ച 20 ശതമാനത്തോളമെത്തിയ വോട്ട് വിഹിതം വർധിപ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഇതിനാണ് മുതിർന്ന നേതാവ് ജോർജ് കുര്യന് മന്ത്രിസ്ഥാനം നൽകിയെന്നതും വ്യക്തം. പാർട്ടിയിലേക്ക് സമീപകാലത്ത് എത്തിയ സുരേഷ് ഗോപിയെയും യുവമോർച്ച തൊട്ടുള്ള പ്രവർത്തന പാരമ്പര്യമുള്ള ജോർജ് കുര്യനെയും ഒരേ സമയം പരിഗണിച്ചു എന്നതും ശ്രദ്ധേയം. പാർട്ടി അഴിച്ചുപണിയും മന്ത്രിസഭാ വിപുലീകരണവും വരുമ്പോൾ കേരള പ്രാതിനിധ്യം വർധിക്കുമെന്ന് പ്രതീക്ഷയും സംസ്ഥാന നേതൃനിരയിലുള്ളവർ പങ്കുവയ്ക്കുന്നു. 

 51-ാമനായി സുരേഷ് ഗോപി സത്യവാചകം ചൊല്ലി; 71–ാമനായി ജോർജ് കുര്യൻ 

കേരളത്തിന്റെ പ്രതിനിധികളായി സത്യപ്രതിജ്ഞാ ചടങ്ങിൽ തലയെടുപ്പോടെ സുരേഷ് ഗോപിയും ജോർജ് കുര്യനും. ഇംഗ്ലിഷിൽ ദൈവനാമത്തിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ. 72 പേരിൽ 51-ാമനായി സുരേഷ് ഗോപി സത്യവാചകം ചൊല്ലി; 71–ാമനായി ജോർജ് കുര്യനും.  ഭാര്യ രാധിക, അവരുടെ അമ്മ ഇന്ദിര എന്നിവർക്കൊപ്പം ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണു സുരേഷ് ഗോപി ഡൽഹിയിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ സഹോദരൻ സുനിൽ ഗോപി സ്വീകരിക്കാനെത്തി.

സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അപ്രതീക്ഷിത രംഗപ്രവേശം ജോർജ് കുര്യന്റേതായിരുന്നു. നിയുക്ത മന്ത്രിമാരുമായി മോദി സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യം ഉച്ചയ്ക്കു ബിജെപി പുറത്തുവിട്ടതോടെയാണ് ജോർജ് മന്ത്രിയാകുമെന്നു വ്യക്തമായത്. നിയുക്ത മന്ത്രിമാരുടെ കൂട്ടത്തിൽ, പിന്നിലായി ജോർജുമുണ്ടായിരുന്നു. ഇതോടെ, അദ്ദേഹത്തെ തേടി ഡൽഹിയിലെ മാധ്യമസംഘം പരക്കംപാഞ്ഞു. മുൻ കേന്ദ്രമന്ത്രി വി.മുരളീധരന്റെ വസതിയിൽ വൈകുന്നേരത്തോടെ അദ്ദേഹത്തെ ‘കണ്ടെത്തി’.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതാക്കൾ ഒപ്പമുണ്ടായിരുന്നു. മന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യങ്ങൾ പാടില്ലെന്ന നിബന്ധനയോടെ, ഫോട്ടോയ്ക്കു പോസ് ചെയ്ത ശേഷം നേതാക്കൾക്കൊപ്പം അദ്ദേഹം രാഷ്ട്രപതി ഭവനിലേക്കു നീങ്ങി.

English Summary:

BJPs diplomacy in search of a new way in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com