വനപാലകർക്കു നേരെ അക്രമം: സിപിഎം നേതാവ് ഉൾപ്പെടെ 12 പേർക്കെതിരെ കേസ്
Mail This Article
സീതത്തോട് ∙ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ ആക്രമിച്ച സംഭവത്തിൽ 12 പേർക്കെതിരെ കേസെടുത്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ജേക്കബ് വളയംപള്ളിൽ, തടി മുറിച്ച സ്ഥലത്തിന്റെ ഉടമ മനോജ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 12 പേർക്കെതിരെയാണ് കേസ്. ജോലി തടസ്സപ്പെടുത്തൽ, സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ചിറ്റാർ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച കൊച്ചുകോയിക്കൽ കുളഞ്ഞിമുക്കിനു സമീപം റോഡിൽ മുറിച്ചിട്ടിരുന്ന തടി പരിശോധിക്കാനെത്തിയ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലക സംഘത്തെ ജേക്കബ് വളയംപള്ളിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചെന്ന പരാതിയിലാണ് കേസ് എടുത്തത്.
ആക്രമണത്തിന് ഇരയായ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ടി.സുരേഷ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ അമ്മു ഉദയൻ എന്നിവർ ചികിത്സ തേടിയിരുന്നു. സംഭവം വിവാദമായതോടെ കോന്നി ഡിവൈഎസ്പിയും സ്ഥലത്തെത്തി ജേക്കബ് വളയംപള്ളിൽ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തിരുന്നു. എന്നാൽ കേസെടുക്കാൻ വൈകിയതോടെ വനപാലക സംഘടനകൾ പ്രതിഷേധവുമായി അധികൃതരെ സമീപിച്ചു. കേസെടുത്തതോടെ വനപാലകരും നാട്ടുകാരും തമ്മിൽ വീണ്ടും സംഘർഷത്തിന്റെ വക്കിലേക്ക് എത്തിയിരിക്കുകയാണ്.