പൊലീസിൽ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ക്രിമിനലുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാറ്റത്തിനും വിധേയരാകാത്ത, മാറാൻ തയാറല്ലെന്നു ശഠിക്കുന്ന, ഒരു ചെറിയ വിഭാഗം ഇപ്പോഴും സേനയിലുണ്ടെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
-
Also Read
നിയമസഭയിലും നിറഞ്ഞ് രാഹുൽ
ഭൂരിപക്ഷം ഉദ്യോഗസ്ഥരുടെ മനോഭാവത്തിലും ജനോന്മുഖമായ മാറ്റമുണ്ടായിട്ടുണ്ട്. മാറ്റത്തിനു വിധേയരാകാത്തവരെ കണ്ടെത്തി പടിപടിയായി സേനയിൽ നിന്ന് ഒഴിവാക്കി വരുന്നു. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 108 ഉദ്യോഗസ്ഥരെ പുറത്താക്കി. നീതി നടപ്പാക്കേണ്ടവർ കുറ്റവാളികളാവുമ്പോൾ സേനയുടെ വിശ്വാസ്യത തന്നെയാണ് കളങ്കപ്പെടുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ആരുമായാണു ചങ്ങാത്തം കൂടേണ്ടത് എന്നതുപോലും പ്രധാനമാണ്. ആരു വിളിച്ചാലും പോകുക, അവർക്കൊപ്പം ഫോട്ടോയെടുക്കുക, വിരുന്നുകളിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളിൽ തികഞ്ഞ ജാഗ്രത ഉണ്ടാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പൊലീസിനെ പ്രഫഷനൽ സേനയായി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.കെ.രമ, മാത്യു കുഴൽനാടൻ, പി.ഉബൈദുല്ല, എൻ.ഷംസുദ്ദീൻ, എം.വിൻസന്റ് എന്നിവർ പൊലീസിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തി. ഇന്നലത്തെ ചർച്ചയിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെ പ്രധാന വിഷയമായി. കോൺഗ്രസിന്റെ വോട്ടുകളാണ് ബിജെപിയിലേക്കു പോയതെന്ന, കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വിമർശനത്തിന് പ്രതിപക്ഷ അംഗങ്ങൾ കണക്കുകൾ നിരത്തി മറുപടി നൽകി.