ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടെങ്കിലും ജനകീയ പ്രതിഷേധങ്ങൾ വിളിച്ചുവരുത്തിയ സിൽവർലൈൻ(സെമി ഹൈസ്പീഡ് റെയിൽ) പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതിക്കു പെട്ടെന്ന്, എല്ലാ അനുമതികളും നൽകണമെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമന് ഇന്നലെ നൽകിയ കത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു. റെയിൽ ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ നിലയിൽ നിറവേറ്റാൻ കഴിയുന്നില്ലെന്നും സെമി ഹൈസ്പീഡ് റെയിൽ നിർമാണത്തിന്റെ ആവശ്യകത വർധിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റെയിൽ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പദ്ധതികൾ വേണമെന്നും കൂടുതൽ എക്സ്‌പ്രസ്‌, പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

തിരിച്ചടി ഭയന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിൽവർലൈൻ പദ്ധതിയെക്കുറിച്ചു മുഖ്യമന്ത്രിയും എൽഡിഎഫിന്റെ മറ്റു പ്രചാരകരും മിണ്ടിയിരുന്നില്ല. പദ്ധതിയുമായി തൽക്കാലം മുന്നോട്ടില്ലെന്നും കേരളത്തിന് ഒറ്റയ്ക്കു മുന്നോട്ടു പോകാനാകില്ലെന്നും കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പദ്ധതിയിൽനിന്നു പിന്നോട്ടു പോകുന്നെന്ന സൂചനയായാണ് ഇതു വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ കേന്ദ്ര ഇടക്കാല ബജറ്റിലേക്കു സംസ്ഥാന സർക്കാർ സിൽവർലൈൻ പദ്ധതി നിർദേശിച്ചിരുന്നില്ല. 

ഇപ്പോൾ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ സിൽവർലൈൻ പരിഗണിക്കണമെന്നു സംസ്ഥാനം രേഖാമൂലം ആവശ്യപ്പെട്ടതു പദ്ധതി സജീവമാക്കാനുള്ള ശ്രമമാണ്. ഉപതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകാൻ ഇടയുണ്ടെന്നറിഞ്ഞിട്ടും മുന്നോട്ടു പോകുന്നതു സിൽവർലൈനിൽ സർക്കാരിന്റെ ഉറച്ച നിലപാടിനെയാണു സൂചിപ്പിക്കുന്നത്. സിൽവർലൈൻ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. തങ്ങളുടെ ഭൂമി പങ്കുവയ്ക്കാനാകില്ലെന്നാണു റെയിൽവേ നിലപാട്. സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും ചേർന്നുള്ള കമ്പനിയാണു കെ–റെയിൽ. പദ്ധതിക്കായുള്ള 70% തുകയും വിദേശ വായ്പയിലൂടെയാണു സമാഹരിക്കുന്നത്. ഇൗ വായ്പയ്ക്കു കേന്ദ്ര സർക്കാരാണു ഗാരന്റി നൽകേണ്ടത്. അതിനാൽ, വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനം പദ്ധതിയിൽനിന്നു ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയാണു റെയിൽവേ. 

നിലവിലെ റെയിൽ‌വേ ലൈനുമായി പലയിടത്തും കൂട്ടിമുട്ടുന്ന തരത്തിലാണു സിൽവർ‌ലൈൻ രൂപരേഖ. ഇതിൽ മാറ്റം വരുത്തണമെന്നും റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. സിൽവർലൈൻ അനുകൂലികൾക്കു തിരഞ്ഞെടുപ്പുകളിൽ വോട്ട് നൽകില്ലെന്ന നിലപാടിലാണു സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി. പദ്ധതിക്കു കല്ലിട്ട് 2 വർഷം കഴിയുകയാണ്. ഭൂമിയിടപാടുകളെ സാരമായി ബാധിച്ചിരുന്നു. സർക്കാർ പിന്നാക്കം പോയതോടെ ഭൂമിയിടപാടുകൾ ആരംഭിച്ചിരിക്കെയാണു സംസ്ഥാനം കേന്ദ്രത്തിനു കത്തു നൽകിയത്. 

English Summary:

Kerala government go ahead with Silverline Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com