ഒ.ആർ.കേളുവിന്റെ സത്യപ്രതിജ്ഞ: സഹകരിച്ച് പ്രതിപക്ഷം; സൗഹൃദ ഭാവമില്ലാതെ മുഖ്യമന്ത്രിയും ഗവർണറും
Mail This Article
തിരുവനന്തപുരം ∙ വേദിയിൽ ഒരുമിച്ചുണ്ടായിട്ടും പരസ്പരം മുഖത്തു നോക്കാൻ കൂട്ടാക്കാതെ മുഖ്യമന്ത്രിയും ഗവർണറും, സ്വന്തം സത്യപ്രതിജ്ഞയ്ക്ക് എല്ലാവരെയും വരവേറ്റ് ഒ.ആർ.കേളു, കഴിഞ്ഞ രണ്ടു സത്യപ്രതിജ്ഞച്ചടങ്ങും ബഹിഷ്കരിച്ച രീതി ഒഴിവാക്കി പ്രതിപക്ഷം. പിണറായി മന്ത്രിസഭയിലെ പുതിയ അംഗത്തിന്റെ സത്യപ്രതിജ്ഞച്ചടങ്ങ് ഇങ്ങനെ പല കാരണങ്ങളാൽ വേറിട്ടുനിന്നു.
‘കേളുവേട്ട’ന്റെ സത്യപ്രതിജ്ഞച്ചടങ്ങ് വയനാട്ടുകാർ ആഘോഷമാക്കുകയായിരുന്നു. വയനാടിനെ പ്രതിനിധീകരിച്ചെത്തിയവരിൽ കർഷകത്തൊഴിലാളികളും ജനപ്രതിനിധികളും മുതൽ കലക്ടർ രേണുരാജ് വരെയുണ്ടായിരുന്നു. രാജ്ഭവനിലെ ഹാളിൽ ഉൾക്കൊള്ളാനാവുക പരമാവധി 150 പേരെയാണ്. അതിഥികളുടെ തിരക്കു പ്രതീക്ഷിച്ചു പുറത്തു താൽക്കാലിക പന്തൽ കെട്ടിയിരുന്നു. ഹാളിനു വെളിയിലായിപ്പോയ സ്വന്തം നാട്ടുകാരുടെ ക്ഷേമം തിരക്കാൻ നിയുക്ത മന്ത്രി പന്തലിലെത്തി. അദ്ദേഹത്തിന്റെ തന്നെ നിർദേശപ്രകാരം കൂടുതൽ കസേരകൾ ഹാളിലെത്തിച്ചു കുറച്ചുപേർക്കുകൂടി ഇരിപ്പിടമൊരുക്കി. അച്ഛൻ രാമനും ഭാര്യ ശാന്തയും മക്കളായ ഭാവനയും മിഥുനയും സഹോദരങ്ങളുമടങ്ങുന്ന കുടുംബാംഗങ്ങൾ ഹാളിലുണ്ടായിരുന്നു.
മന്ത്രി സജി ചെറിയാൻ രണ്ടാമതു സ്ഥാനമേറ്റപ്പോഴും കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളിയും മന്ത്രിമാരായപ്പോഴും രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. എന്നാൽ, കേളുവിന്റെ സത്യപ്രതിജ്ഞയ്ക്കു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും നേരത്തേ തന്നെ എത്തി.
മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ചാണു ഹാളിലേക്കു വന്നതെങ്കിലും സൗഹൃദഭാവം ഇരുവർക്കുമില്ലായിരുന്നു. വേദിയിൽ ഇരിക്കുമ്പോഴും പരസ്പരം മുഖം കൊടുത്തില്ല. എന്നാൽ ചായസൽക്കാരത്തിനുള്ള ഗവർണറുടെ ക്ഷണം മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചു. ചായസൽക്കാരത്തിനിടെ ഹസ്തദാനം ചെയ്തതിൽ ഒതുങ്ങി ഇരുവരും തമ്മിലുള്ള ആശയവിനിമയം.