സർക്കാരിനെതിരെ എസ്എഫ്ഐയും, പ്രതിഷേധച്ചൂടിൽ ഇന്നു ചർച്ച; എസ്എഫ്ഐയെ ട്രോളിയത് തിരുത്തി ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം ∙ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചെങ്കിലും മലബാർ മേഖലയിൽ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ ആയിരക്കണക്കിനു കുട്ടികൾക്ക് പ്രവേശനം ലഭിച്ചില്ലെന്ന വിഷയത്തിൽ പ്രതിപക്ഷം സമരം കടുപ്പിച്ചതോടെ സർക്കാർ പ്രതിസന്ധിയിൽ. സിപിഎമ്മിന്റെ വിദ്യാർഥി സംഘടനയായ എസ്എഫ്ഐയും ഇന്നലെ മലപ്പുറത്ത് സമരം ആരംഭിച്ചു.
മലപ്പുറത്ത് ഹയർ സെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് പൂട്ടി സമരം ചെയ്ത എംഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരും അറസ്റ്റിലായി. തിരുവനന്തപുരത്ത് കെഎസ്‌യു നിയമസഭ മാർച്ചിനു നേരെ 4 തവണ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് കെഎസ്‌യു സമരത്തിനു നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. തൊടുപുഴ ഡിഡിഇ ഓഫിസ് മാർച്ചിലും സംഘർഷമുണ്ടായി. പ്രതിഷേധം ശക്തമായതോടെ വിദ്യാർഥി സംഘടനകളുമായി ഇന്ന് 2ന് മന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തും.
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ഇതു പരിഹരിക്കണമെന്നും നിയമസഭയിൽ മുൻ മന്ത്രിയും ഭരണപക്ഷാംഗവുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞതും സർക്കാരിനെ വെട്ടിലാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സീറ്റ് പ്രശ്നം പരിഹരിക്കാൻ ഇടപെട്ടില്ലെന്നാരോപിച്ചുള്ള സബ്മിഷനിടയ്ക്കായിരുന്നു ദേവർകോവിലിന്റെ ആരോപണം. സമ്മർദം കനക്കുന്ന സാഹചര്യത്തിൽ മലപ്പുറത്തടക്കം സീറ്റ് ക്ഷാമം കാര്യമായുള്ള പ്രദേശങ്ങളിൽ താൽക്കാലികമായി പുതിയ ബാച്ചുകൾ അനുവദിക്കുന്നത് സർക്കാർ പരിഗണിച്ചേക്കും.
മന്ത്രിയുടെ കണക്ക് തെറ്റെന്ന് എസ്എഫ്ഐ
മലപ്പുറം ∙ വിദ്യാഭ്യാസ മന്ത്രിയെ പ്രതിരോധത്തിലാക്കി എസ്എഫ്ഐയും സമരമുഖത്ത്. ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്തു. മൂന്ന് അലോട്മെന്റ് കഴിഞ്ഞിട്ടും വിദ്യാർഥികൾ സീറ്റില്ലാതെ പുറത്തു നിൽക്കുന്നതു കൊണ്ടാണു സമരത്തിനിറങ്ങിയതെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത കേന്ദ്ര കമ്മിറ്റി അംഗം ഇ.അഫ്സൽ പറഞ്ഞു.
എസ്എഫ്ഐയെ ട്രോളിയത് തിരുത്തി ശിവൻകുട്ടി
‘‘സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറെ നാളായി അവർ സമരം ചെയ്യാതിരിക്കുന്നവരല്ലേ? സമരം ചെയ്ത് ഉഷാറായി വരട്ടെ’’– എസ്എഫ്ഐയുടെ സമരപ്രഖ്യാപനത്തോട് മന്ത്രിയും എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമായ വി.ശിവൻകുട്ടിയുടെ മറുപടി ഇതായിരുന്നു. അവർ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ വൈകിട്ട് നിലപാട് മാറ്റിയ മന്ത്രി എസ്എഫ്ഐയെ പരിഹസിച്ചെന്നത് മാധ്യമങ്ങളുടെ നുണപ്രചാരണമാണെന്നു ഫെയ്സ്ബുക്കിൽ കുറിച്ചു. കെഎസ്‌യുവിനെക്കുറിച്ചായിരുന്നു പരിഹാസമെന്നു സൂചിപ്പിക്കുന്ന വിഡിയോയും പങ്കുവച്ചു. പരിഹാരമായില്ലെങ്കിൽ സമരം തുടരുമെന്ന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ.അഫ്സൽ പറഞ്ഞു.
ഇന്ന് കെഎസ്‌യു പ്രതിഷേധം
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് സമരത്തിന് കെഎസ്‌യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും കെഎസ്‌യുവിന്റെ പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്യുന്ന സർക്കാർ നിലപാടിന് എതിരെയാണ് പ്രതിഷേധമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.