ADVERTISEMENT

തൃശൂർ ∙‘എനിക്കൊന്നും കേൾക്കാൻ പറ്റാത്തതെന്താ?’ സ്കൂളിൽ പോയി മടങ്ങിവന്നാലുടൻ കണ്ണീരോടെ ഈ ചോദ്യം ആവർത്തിക്കുന്ന പതിവ് 2 ദിവസം മുൻപു ശ്രീപ്രിയ നിർത്തി. പത്താംക്ലാസിലാണു പഠിക്കുന്നതെങ്കിലും ഇനി സ്കൂളിൽ പോകുന്നില്ലെന്നു തീരുമാനിച്ച് വീട്ടിലിരിക്കുകയാണ്.

ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടപ്പോഴും പ്രമേഹം മൂർച്ഛിച്ചു ഗുരുതരാവസ്ഥയിൽ എത്തിയപ്പോഴും പഠനം മുടക്കാതിരുന്ന ശ്രീപ്രിയയ്ക്കു കഠിന തീരുമാനമെടുക്കേണ്ടി വന്നതിനു കാരണം അധികൃതരുടെ ക്രൂരത. കോക്ലിയർ ഇംപ്ലാന്റ് വഴി ഒന്നര വർഷം മുൻപു ശ്രീപ്രിയയുടെ ചെവിയിൽ ഘടിപ്പിച്ച ആധുനിക ശ്രവണ സഹായിക്കു 3 വർഷത്തെ വാറന്റി സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും യന്ത്രം കേടായതിനു ശേഷം മാറ്റിനൽകിയിട്ടില്ല.

അയ്യന്തോൾ പുതൂർക്കര എക്കപ്പുറത്തു രാജൻ – മഞ്ജു ദമ്പതികളുടെ മകളായ ശ്രീപ്രിയ (17) പുല്ലഴി ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിയാണ്. കേൾവിശക്തി ഇല്ലാതെയാണു ശ്രീപ്രിയ ജനിച്ചത്. മൂന്നു വയസ്സുള്ളപ്പോൾ 8 ലക്ഷം രൂപ ചെലവാക്കിയാണു കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയത്. ഇതിനായി ഇവർക്കു സ്വന്തം വീടു വിൽക്കേണ്ടിവന്നു. ആ യന്ത്രമാണ് ഒന്നര വർഷം മുൻപ് മാറ്റി പുതിയതു ഘടിപ്പിച്ചത്.

ഏഴു വയസ്സുള്ളപ്പോഴാണു പ്രമേഹരോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതാനിരിക്കെ കാഴ്ചശക്തി 75% ഇല്ലാതായി. പത്താംക്ലാസ് ജയിക്കുകയെന്ന ശ്രീപ്രിയയുടെ മോഹം ഇതോടെ മാറ്റിവയ്ക്കേണ്ടിവന്നു. കാഴ്ചയുടെ ബുദ്ധിമുട്ട് അതിജീവിച്ച് ഇത്തവണ നന്നായി പഠിച്ച് പരീക്ഷ എഴുതാമെന്നു കരുതിയിരിക്കെയാണു കഴിഞ്ഞ മേയിൽ ശ്രവണസഹായിയുടെ പ്രൊസസർ കേടായത്. യന്ത്രം കമ്പനിക്ക് അയച്ചുനൽകി. വാറന്റി ഒന്നര വർഷം കൂടി ശേഷിക്കുന്നതിനാൽ മാറ്റിലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ, സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയുടെ ചുമതല വഹിച്ചിരുന്ന സാമൂഹിക സുരക്ഷാ മിഷനിൽനിന്നു വൻതുക ലഭിക്കാനുള്ളതിനാൽ യന്ത്രം  മാറ്റിനൽകില്ലെന്നു കമ്പനി അറിയിച്ചു. സ്വന്തം നിലയ്ക്കു ശ്രവണ സഹായിയുടെ പ്രൊസസർ മാറ്റിവയ്ക്കാൻ 4 ലക്ഷം രൂപയോളം ചെലവാകും. ഇതു താങ്ങാനാവാത്തതിലാനാണു മകളുടെ സ്കൂൾ പഠനം അവസാനിപ്പിക്കേണ്ട അവ സ്ഥയിൽ രക്ഷിതാക്കളെത്തിയത്.

English Summary:

Sripriya is not going to school because her cochlear implant hearing aid is malfunctioning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com