കാൻസർ ഗവേഷണം, ചികിത്സ: സർക്കാരിന്റെ 12 ഏക്കർ സ്വകാര്യ കമ്പനിക്ക് 30 കൊല്ലം പാട്ടത്തിന്
Mail This Article
തിരുവനന്തപുരം ∙ ഐടി അധിഷ്ഠിത കാൻസർ ഗവേഷണ, ചികിത്സാ കേന്ദ്രം തുടങ്ങാൻ മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കൊരട്ടിയിൽ 12 ഏക്കർ സർക്കാർ ഭൂമി 30 കൊല്ലത്തേക്കു പാട്ടത്തിനു നൽകും. 5 വർഷത്തെ പാട്ടത്തുക ഒഴിവാക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ കൈവശം തെക്കുമുറി വില്ലേജിലുള്ള ഭൂമിയാണിത്.
കാർക്കിനോസ് ഹെൽത്ത് കെയർ എന്ന കമ്പനിക്ക് 6.4 ഏക്കർ പാട്ടത്തിനു നൽകാൻ 2022ൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി തീരുമാനിച്ചതു മറികടന്നാണു 12 ഏക്കർ നൽകുന്നത്. പാട്ടത്തിൽ ഇളവ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നില്ല. ‘സെന്റർ ഫോർ കോംപ്ലക്സ് കാൻസേഴ്സ് ആൻഡ് ഇന്നവേഷൻ ഹബ്’ എന്ന പേരിലാകും കേന്ദ്രം തുടങ്ങുക.
അഞ്ച് വർഷത്തിനുള്ളിൽ 300 കോടി രൂപയുടെ മൂലധനനിക്ഷേപവും നേരിട്ടുള്ള 300 തൊഴിലവസരങ്ങളും ലഭ്യമാക്കുമെന്ന നിബന്ധനയിലാണു ഭൂമി നൽകുന്നതെന്നു സർക്കാർ പറയുന്നു. തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിക്കു കാക്കനാട് വില്ലേജിലെ 16.19 ആർ 30 വർഷത്തേക്കു പാട്ടത്തിനു നൽകാനും മന്ത്രിസഭ അനുമതി നൽകി. കമ്പോളവിലയുടെ 2% വാർഷിക പാട്ടം ഈടാക്കും.