മെഡിക്കൽ സർവീസസ് കോർപറേഷൻ: നിയമനങ്ങളുടെ വിവരങ്ങൾ നൽകിയില്ല, വിവരാവകാശത്തിനു പുല്ലുവില; മന്ത്രിക്കും ദുരൂഹമൗനം
Mail This Article
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) രൂപീകരിച്ചതു മുതൽ വ്യാപകമായ പിൻവാതിൽ നിയമനവും അനധികൃത സ്ഥാനക്കയറ്റവും നടന്നിട്ടുണ്ടെന്ന വാദങ്ങൾ ബലപ്പെടുത്തി അധികൃതരുടെയും ആരോഗ്യ മന്ത്രിയുടെയും ‘ദുരൂഹ മൗനം’. ജീവനക്കാരുടെ നിയമന ഉത്തരവുകളും വിദ്യാഭ്യാസ യോഗ്യതയും തേടിയുള്ള ചോദ്യങ്ങൾ കെഎംഎസ്‌സിഎൽ തള്ളി. നിയമസഭയിൽ 9 എംഎൽഎമാർ ഉന്നയിച്ച സമാനചോദ്യങ്ങൾക്ക് ഒരാഴ്ചയായിട്ടും മറുപടി നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജും തയാറായിട്ടില്ല.
ജീവനക്കാരുടെ നിയമനവിവരങ്ങൾ ശേഖരിക്കാൻ കെഎംഎസ്‌സിഎൽ അധികൃതർ 14 ജില്ലകളിലും പര്യടനം നടത്തി രണ്ടു മാസം പിന്നിട്ടിട്ടും കൃത്യമായ ഉത്തരം പറയാൻ സാധിച്ചിട്ടില്ല. യോഗ്യതയില്ലാത്തവരെ പാർട്ടി ശുപാർശയിൽ തിരുകിക്കയറ്റുകയും പിന്നീട് അനധികൃതമായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തതു മറയ്ക്കാനാണു നീക്കമെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് ഓരോ തസ്തികയിലെയും നിയമനവ്യവസ്ഥകളും നിയമിക്കപ്പെട്ടവരുടെ യോഗ്യതാരേഖകളും ആവശ്യപ്പെട്ട് കെഎംഎസ്‌സിഎലിന് വിവരാവകാശ അപേക്ഷകൾ ലഭിച്ചത്. മേയ് അവസാനത്തോടെ മറുപടി നൽകേണ്ടതായിരുന്നു. എല്ലാ ജീവനക്കാരോടും രേഖകൾ നേരിട്ടു ഹാജരാക്കാൻ മേയ് 4ന് മാനേജിങ് ഡയറക്ടർ നിർദേശിച്ചു. ഭൂരിഭാഗം പേർക്കും നിയമന ഉത്തരവുകളോ യോഗ്യതാ മാനദണ്ഡങ്ങളോ ഹാജരാക്കാൻ സാധിച്ചില്ലെന്നാണു സൂചന.
മറുപടി നൽകാൻ രേഖകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ, വിവരാവകാശ ചോദ്യത്തെ തമസ്കരിക്കാൻ കെഎംഎസ്‌സിഎൽ അധികൃതർ തയാറെടുപ്പു തുടങ്ങി. സാങ്കൽപിക ചോദ്യങ്ങൾക്കും, വ്യക്തിപരമായ വിവരങ്ങൾ തേടുന്ന ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ബാധ്യതയില്ലെന്നാണു കഴിഞ്ഞ 21ന് നൽകിയ മറുപടി. വിവരാവകാശ നിയമത്തിന്റെ അന്തസ്സത്ത ചോദ്യംചെയ്യുന്നതാണ് ഈ മറുപടിയെന്ന് അപേക്ഷകർ പറയുന്നു.
നിയമസഭാ സമ്മേളനം തുടങ്ങിയതോടെ നിയമനങ്ങളിലെ ദുരൂഹതകൾ സംബന്ധിച്ച് എംഎൽഎമാരും ചോദ്യങ്ങൾ ഉന്നയിച്ചു. റോജി എം.ജോൺ, പി. സി.വിഷ്ണുനാഥ്, ഉമ തോമസ്, സനീഷ്കുമാർ ജോസഫ്, സി.ആർ.മഹേഷ്, മോൻസ് ജോസഫ്, എൽദോസ് പി.കുന്നപ്പിള്ളിൽ, ടി.ജെ.വിനോദ്, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ ചോദ്യങ്ങൾക്ക് 28ന് മറുപടി നൽകേണ്ടതായിരുന്നുവെങ്കിലും ഇതുവരെ മന്ത്രി മിണ്ടിയിട്ടില്ല. ടെൻഡർ ഇല്ലാതെ രണ്ടരക്കോടിയുടെ ബ്ലീച്ചിങ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മന്ത്രി ഉത്തരം നൽകിയില്ല.