ADVERTISEMENT

കോട്ടയം ∙ വായ്പത്തിരിച്ചടവു മുടങ്ങുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ്‌വെയറിലെ ഫെയ്‌സ്‌ലെസ് ആപ്ലിക്കേഷനിലൂടെ വ്യാജമായി നിർമിക്കുന്നെന്നു കണ്ടെത്തൽ. 

മലപ്പുറം തിരൂരങ്ങാടി സബ് ആർടിഒ ഓഫിസിൽ 7 വ്യാജ ആർസി നിർമിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തൽ. ആപ്ലിക്കേഷൻ ദുരുപയോഗം ചെയ്ത് ആർക്കു വേണമെങ്കിലും വ്യാജ ആർസി നിർമിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യസ്ഥാപനം വായ്പ അനുവദിക്കുന്ന സമയത്ത്, വാഹനം വിൽക്കുന്നതിനുള്ള രേഖകൾ ഉടമയുടെ കയ്യിൽനിന്ന് ഒപ്പിട്ടു വാങ്ങുന്നതിൽ നിന്നാണു തട്ടിപ്പു തുടങ്ങുന്നത്. 

തിരിച്ചടവു മുടങ്ങിയാൽ പരിവാഹനിലെ ആപ്ലിക്കേഷൻ ഉപയോഗിച്ച് വാഹന ഉടമയുടെ പേരു മാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കും. ഫെയ്സ്‌ലെസ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിലൂടെ ആർസി ഉടമ നേരിട്ട് മോട്ടർ വാഹന വകുപ്പ് ഓഫിസിൽ പോകുകയോ രേഖകൾ സമർപ്പിക്കുകയോ ചെയ്യേണ്ട. വാഹനം ധനകാര്യസ്ഥാപനം കൊണ്ടുപോയാലും മിക്കപ്പോഴും ആർസി, ഉടമയുടെ പക്കലായിരിക്കും. അതിനാൽ ആർസിയുടെ ചിത്രം വ്യാജമായി നിർമിച്ച് ഫെയ്സ്‌ലെസിൽ അപ്‌ലോഡ് ചെയ്യും. 

അപേക്ഷ ഉദ്യോഗസ്ഥർ പരിശോധിക്കുന്ന വേളയിൽ ആർസി ഉടമയുടെയും വാങ്ങുന്നയാളുടെയും മൊബൈൽ ഫോണിലേക്ക് ഒടിപി പോകും. അതൊഴിവാക്കാനായി, വാഹന ഉടമ മരിച്ചുപോയെന്ന് അപേക്ഷയിൽ കാണിക്കും. ഇതിനു പ്രത്യേകിച്ചു തെളിവ് അപ്‍‌ലോഡ് ചെയ്യേണ്ടതില്ല. അതിനാൽ വാങ്ങുന്നയാളുടെ മൊബൈൽ ഫോണിലേക്കു മാത്രമായിരിക്കും ഒടിപി പോകുക. ആർസി ഉടമയുടെ പേരു മാറ്റുന്നതിന് ഈ ഒടിപി മാത്രം മതി.

നേരത്തേ, ഇത്തരത്തിൽ തിരിച്ചടവു മുടങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുത്ത ശേഷം ധനകാര്യ സ്ഥാപന ഉടമയുടെ പേരിൽ പുതിയ ആർസിക്ക് അപേക്ഷ നൽകുകയായിരുന്നു രീതി. പുതിയ ആർസി കിട്ടിയാൽ ധനകാര്യ സ്ഥാപനത്തിന്റെ ഇഷ്ടാനുസരണമാണു പിന്നീടു ലേലം നടത്തിയിരുന്നത്. ലേലത്തെപ്പറ്റി പരാതി കൂടിയതോടെ ധനകാര്യസ്ഥാപനം ലേലം ചെയ്യേണ്ടതില്ലെന്നു സർക്കാർ നിർദേശിച്ചു. പകരം പ്രത്യേക അതോറിറ്റിയെ നിയോഗിച്ചു. അതോടെയാണു വ്യാജ ആർസി സംഘടിപ്പിച്ച് വാഹനം മറിച്ചുവി‍ൽക്കുന്ന രീതിയിലേക്കു മാറിയതെന്നാണു കണ്ടെത്തൽ.

English Summary:

Loophole in Parivahan software, fake RC manufacturing; New fraud in vehicle sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com