‘പൊട്ടിപ്പൊളിഞ്ഞ റോഡിൽ’ വാഗ്വാദം; റോഡിലെ കുളങ്ങൾ എണ്ണേണ്ട അവസ്ഥയെന്നു പ്രതിപക്ഷം
Mail This Article
തിരുവനന്തപുരം∙ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാരണം സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെപ്പേർ അപകടത്തിൽപ്പെട്ടു പരുക്കേറ്റു കിടക്കുകയാണെന്നും അറ്റകുറ്റപ്പണിയും കരാറുകാരുടെ കുടിശികയും തീർക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്നും നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ 90% റോഡുകളും പൂർണ ഗതാഗതയോഗ്യമാണെന്നും മറ്റിടങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാനാണു ശ്രമിക്കുന്നതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് മറുപടി നൽകി. അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിൽ സർക്കാർ അനാസ്ഥ കാട്ടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
റോഡുപണി തീർക്കുന്നതിൽ പൊതുമരാമത്ത്, തദ്ദേശ, വൈദ്യുതി, ജലവിഭവ വകുപ്പുകളിൽ തമ്മിൽ ഏകോപനമില്ലെന്നും റോഡ് പണിതാൽ പിറ്റേന്ന് പൈപ്പിടാൻ വരുന്ന രീതി ഇപ്പോഴും തുടരുകയാണെന്നും അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച ലീഗ് അംഗം നജീബ് കാന്തപുരം ആരോപിച്ചു. കുഴികൾ എണ്ണാനായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ കുളങ്ങൾ എണ്ണേണ്ട അവസ്ഥയാണ്.
കരാറുകാർക്ക് ഇത്രയും കുടിശിക വന്ന കാലം മുൻപുണ്ടായിട്ടില്ലെന്നും അതിനാൽ ആരും കരാറെടുക്കാൻ പോലും തയാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പണിയാൻ പോകുന്ന റോഡിൽ എന്തെങ്കിലും പ്രോജക്ട് ഉണ്ടോയെന്ന് മറ്റ് വകുപ്പുകളോട് ചോദിച്ച് അതു കൂടി പൂർത്തിയാക്കിയിട്ടാണു റോഡ് പണിയേണ്ടത്. അതു ചെയ്യാത്തതു കൊണ്ടാണ് പണി പൂർത്തിയാക്കിയ സ്ഥലങ്ങൾ കുത്തിപ്പൊളിക്കുന്നത്. ആലുവ- പെരുമ്പാവൂർ റോഡ് ജൽജീവൻ മിഷനു വേണ്ടി വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചു. പരാതി ഉയർന്നതോടെ ഈ റോഡ് ഞങ്ങളുടേതല്ലെന്നും വാട്ടർ അതോറിറ്റിയുടേതാണെന്നും പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചെന്നു ‘മനോരമ’യിലെ ചിത്രം ഉയർത്തിക്കാട്ടി സതീശൻ പറഞ്ഞു.
റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ശാസ്ത്രീയ മാർഗങ്ങളാണ് അവലംബിക്കുന്നതെന്നും ഡിഫക്ട് ലയബിലിറ്റി പീരിയഡ് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ നിരീക്ഷണത്തിന് എംഎൽഎമാർക്കുകൂടി അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
പണിനടക്കുന്ന ദേശീയപാതയിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റി അധികൃതരുടെ യോഗം വിളിച്ച് നടപടികൾ വേഗത്തിലാക്കിയെന്നും മന്ത്രി റിയാസ് മറുപടി നൽകി. ഏറെ പരാതികളുയർന്ന തൃശൂർ- കുറ്റിപ്പുറം റോഡിന്റെ കാര്യത്തിലുൾപ്പെടെ കഴിഞ്ഞയാഴ്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പരിഹാര നടപടികൾ വേഗത്തിലാക്കി. ജലവിതരണത്തിന് പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി റോഡുകൾ കുഴിക്കേണ്ടിവരുന്നുണ്ട്. ഇവ പൂർവസ്ഥിതിയിലാക്കുന്നത് ഫലവത്താകാറില്ല. അതിനാൽ പുനഃസ്ഥാപനം പൊതുമരാമത്ത് വകുപ്പ് തന്നെ ചെയ്യും. സംസ്ഥാനത്ത് 16,850 കിലോമീറ്ററോളം റോഡ് ബിഎംബിസി നിലവാരത്തിൽ പണിതു കഴിഞ്ഞു. 3 വർഷംകൊണ്ട് സംസ്ഥാനത്തെ പകുതി റോഡുകൾ ഈ നിലവാരത്തിലെത്തിക്കാനായെന്നും മന്ത്രി പറഞ്ഞു.