ADVERTISEMENT

കൊയിലാണ്ടി ∙ എസ്എഫ് ഐ പ്രവർത്തകരുടെ മർദനത്തിനു പിന്നാലെ ഗുരുദേവ കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരനെതിരെ പൊലീസ് നടപടിയും. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവിനെ മർദിച്ചെന്ന പരാതിയിലാണ് അറസ്റ്റിനു മുന്നോടിയായുള്ള നോട്ടിസ് നൽകിയത്. ‘താങ്കൾ   3 വർഷത്തിൽ താഴെ തടവു  ലഭിക്കാവുന്ന കുറ്റം ചെയ്തിരിക്കുന്നു; എപ്പോൾ വിളിച്ചാലും ഹാജരാകണം’ – നോട്ടിസിൽ പറയുന്നു.

തുടരന്വേഷണത്തിന് സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലോ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാം. 7 വർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കുന്ന കേസുകളിൽ പലപ്പോഴും പൊലീസ് അറസ്റ്റ് ഒഴിവാക്കി നോട്ടിസ് നൽകി വിടാറുണ്ട്.

അതേസമയം, തിങ്കളാഴ്ച നടന്ന സംഘർഷത്തിൽ പ്രിൻസിപ്പലിനെ മർദിച്ചെന്ന പരാതിയിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ല. 4 വിദ്യാർഥികളടക്കം കണ്ടാലറിയുന്ന 15 പേർക്കെതിരെയാണു പ്രിൻസിപ്പലിന്റെ പരാതി. പ്രിൻസിപ്പലിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. ‘പ്രിൻസിപ്പൽ രണ്ടുകാലിൽ നടക്കില്ലെന്നും വേണ്ടിവന്നാൽ പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടു’മെന്നും പ്രസംഗിച്ച എസ്എഫ്ഐ നേതാവിനെതിരെയും കേസെടുത്തിട്ടില്ല.

ബിരുദപ്രവേശനത്തിന്റെ ഭാഗമായി കോളജിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ മുഖത്തടിച്ചത്. സ്റ്റാഫ് സെക്രട്ടറിയായ അധ്യാപകൻ കെ.പി.   രമേശനും സംഘർഷത്തിൽ  പരുക്കേറ്റിരുന്നു.

സംഘർഷത്തെത്തുടർന്ന് അടച്ചിട്ട കോളജ് ഇന്നലെ പൊലീസ് സംരക്ഷണത്തിൽ തുറന്നു. പ്രിൻസിപ്പൽ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോളജിൽ പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടത്. അതിനിടെ, തന്റെ ചിത്രം ചേർത്ത് അറസ്റ്റിലായെന്ന വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പ്രിൻസിപ്പൽ സൈബർ പൊലീസിൽ പരാതി നൽകി.

പ്രിൻസിപ്പലിന്റെ പരാതി ശക്തം, എന്നിട്ടും...

കൊയിലാണ്ടി സ്റ്റേഷനിൽ 2 കേസുകളാണ് റജിസ്റ്റർ ചെയ്തത്. പ്രിൻസിപ്പലിന്റെ പരാതിയിൽ നിയമവിരുദ്ധ സംഘംചേരൽ, കലാപശ്രമം, അതിക്രമിച്ചുകയറൽ, കയ്യേറ്റം, ബോധപൂർവം മുറിവേൽപിക്കൽ അടക്കമുള്ള വകുപ്പുകളാണ് എസ്എഫ്ഐക്കാർക്കെതിരെ ചുമത്തിയത്. എസ്എഫ്ഐ നേതാവ് ബി.ആർ.അഭിനവ് നൽകിയ പരാതിയിൽ കയ്യേറ്റം, ബോധപൂർവം മുറിവേൽപിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എന്നിട്ടും പൊലീസ് ആദ്യം നടപടി എടുത്തിരിക്കുന്നത് പ്രിൻസിപ്പലിനെതിരെയാണ്. 

∙ ‘നൂറോളം വിദ്യാർഥികളും പത്തിരുപതു പൊലീസുകാരും നോക്കിനിൽക്കെയാണ് ‘എന്റെ കാല് വെട്ടിയെടുക്കും, നെഞ്ചത്ത് അടുപ്പുകൂട്ടും’ എന്നൊക്കെ എസ്എഫ് ഐ നേതാവ് മൈക്ക് കെട്ടി പ്രസംഗിച്ചത്. അതിൽ ഒരു കേസ് പോലും എടുക്കാ ത്തത് സ്റ്റേറ്റിന്റെ വീഴ്ചയാണ്. ആരെങ്കിലും എന്റെ കാൽ വെട്ടിയെടുക്കുന്നെങ്കിൽ എടുക്കട്ടെ.’ – ഡോ. സുനിൽ ഭാസ്കരൻ

English Summary:

Police notice against principal of Gurudeva College who was attacked by SFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com